amit-shah-mukesh-ambani

ഗാന്ധിനഗർ: കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായെ വാനോളം പുകഴ്‌ത്തി റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി. അമിത് ഷാ ഇന്ത്യയുടെ ഉരുക്ക് മനുഷ്യനും യഥാർത്ഥ കർമ്മ യോഗിയുമാണെന്നാണ് മുകേഷ് അംബാനി വിശേഷിപ്പിച്ചത്. ഗാന്ധിനഗറിൽ പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമിത് ഭായ് നിങ്ങളാണ് യഥാർത്ഥ കർമ്മയോഗിയും ഇന്ത്യയുടെ ഉരുക്ക് മനുഷ്യനും. നിങ്ങളെപ്പോലൊരു നേതാവിനെ ലഭിച്ച ഗുജറാത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ അനുഗ്രഹീതരാണ്. ഇന്ത്യ ഇപ്പോൾ സുരക്ഷിത കരങ്ങളിലാണ്. ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനിടയിലുള്ള പ്രതിസന്ധികളിൽ തളരരുത്'- മുകേഷ് അംബാനി പറഞ്ഞു.

വലിയ സ്വപ്നങ്ങൾ കാണാതിരിക്കരുതെന്നും, നിങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും പൂർത്തികരിക്കാനുള്ള വഴി ഇന്ത്യ ഒരുക്കിത്തരുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുതെന്നും മുംകേഷ് അംബാനി കൂട്ടിച്ചേർത്തു. അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു മുകേഷ് അംബാനിയുടെ പ്രസംഗം.

ഗാന്ധിനഗറിലെ സിറ്റിംഗ് എംപി കൂടിയാണ് അമിത്ഷാ. '2014വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ലോകത്തെ തന്നെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി'- അമിത് ഷാ പറഞ്ഞു. സർദാർ വല്ലഭായി പാട്ടേലാണ് ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായി അറിയപ്പെടുന്നത്.