ed

ന്യൂഡൽഹി: ബിനാമി പേരിൽ അനധികൃത സ്വത്തുസമ്പാദനം നടത്തി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ ഇന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. ഡൽഹിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവകുമാറിന് ഇ.ഡി സമൻസ് അയച്ചിരുന്നെങ്കിലും ഇതിനെ ചോദ്യം ചെയ്‌ത് ശിവകുമാർ കോടതിയെ സമീപിച്ചു. എന്നാൽ കോടതി ശിവകുമാറിന്റെ ഹർജി തള്ളിയതോടെയാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായത്.

അതേസമയം, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും തന്നെ ബി.ജെ.പി ഭയക്കുന്നത് കൊണ്ടാണ് ഇത്തരം കേസുകൾ ഉണ്ടാകുന്നതെന്നും ശിവകുമാർ പ്രതികരിച്ചു. ഞാൻ ആരെയും പീഡിപ്പിക്കുകയോ പണം തട്ടിയെടുക്കുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ആരെയും ഭയവുമില്ല. ഇക്കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ആത്മസംയമനം പാലിക്കണം. ബിനാമി പേരിലെ സ്വത്തുക്കളെന്ന പേരിൽ എന്റെ 84 വയസുള്ള അമ്മയുടെ ഉടമസ്ഥതയിലുള്ളതെല്ലാം വിവിധ അന്വേഷണ ഏജൻസികൾ കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് ഇ.ഡിയുടെ ഡൽഹി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ഇന്നലെ രാത്രി 9.40നാണ് എനിക്ക് ലഭിക്കുന്നത്. ഇത്രയും തിടുക്കത്തിലുള്ള ഇ.ഡിയുടെ നീക്കം സംശയാസ്‌പദമാണ്. എന്നാൽ നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന് വിശ്വസിക്കുന്ന താൻ കേസിലെ നടപടിക്രമങ്ങളുമായി സഹകരിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. ഇ.ഡിയുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2017ൽ ശിവകുമാറിന്റെ കർണാടകയിലെ വസതിയിൽ റെയിഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കണക്കിൽ പെടാത്ത സ്വത്തുക്കൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നികുതി വെട്ടിപ്പ് നടത്തി, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ സെപ്‌തംബറിൽ ശിവകുമാറിനെതിരെ ഇ.ഡി കേസെടുത്തു.