പാറ്റ്ന: സെക്രട്ടേറിയറ്റ് ജീവനക്കാർ ഇനി മുതൽ ജീൻസും ടീഷർട്ടും ധരിച്ച് ജോലിക്ക് വരരുതെന്ന് ബീഹാർ സർക്കാർ. ലളിതവും അന്തസുള്ളതുമായ വസ്ത്രം മതിയെന്നും ജോലിയുടെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ച് വസ്ത്രം തിരഞ്ഞെടുക്കാമെന്നും ബിഹാർ സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
എല്ലാവരും ഇളം നിറങ്ങളുള്ള കാഷ്വൽ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് പ്രധാന നിർദേശം. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും പുതുക്കിയ വസ്ത്രധാരണരീതി പിന്തുടരണമെന്നും ഉത്തരവിൽ പറയുന്നു. ഓഫീസ് സംസ്‌കാരത്തിന് ചേരാത്ത രീതിയിലുള്ള വസ്ത്രധാരണം പല ജീവനക്കാരും നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും ഇത് ഓഫീസുകളുടെ മാന്യതയ്ക്ക് ചേരാത്തതാണെന്ന് ബോധ്യമായതിനാലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും അപ്പർ സെക്രട്ടറി മഹാദേവ് പ്രസാദ് വ്യക്തമാക്കി.
"ഓഫീസ് സംസ്കാരത്തിന് യോജിക്കാത്ത വസ്ത്രങ്ങൾ ധരിച്ച് ഉദ്യോഗസ്ഥരും ജീവനക്കാരും ജോലിയിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓഫീസ് ഔചിത്യത്തിന് എതിരാണ് ഇത്"-മഹാദേവ് പറഞ്ഞു. എന്തു വന്നാലും ഔപചാരികമായ വസ്ത്രം ധരിച്ച് മാത്രമേ ജീവനക്കാർ ഓഫീസിൽ എത്താവൂ എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.