സുപോൾ: സഹോദരിമാരായ കാശ്മീരി യുവതികളെ വിവാഹം ചെയ്ത ബിഹാറിൽ നിന്നുമുള്ള സഹോദരന്മാർ അകപ്പെട്ടത് വൻ പ്രശ്നത്തിൽ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമാണ് ഇവർ യുവതികളെ വിവാഹം ചെയ്ത് ബിഹാറിലെ തങ്ങളുടെ സ്വദേശമായ സുപോളിലേക്ക് കൊണ്ടുപോന്നത്. എന്നാൽ ബുധനാഴ്ചയോടെ ഇവരെ കാശ്മീരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് തബ്രീസ്, മുഹമ്മദ് പർവേസ് എന്നിങ്ങനെ പേരുള്ള സഹോദരങ്ങളാണ് സുപോൾ ജില്ലയിലെ റാംബിഷൻപൂർ ഗ്രാമത്തിലുള്ള തങ്ങളുടെ വീട്ടിൽ നിന്നും അറസ്റ്റിലായത്.
പ്രായപൂർത്തിയായ യുവതികളെ ഇവർ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൻമേലാണ് അറസ്റ്റ്. പെൺകുട്ടികളുടെ അച്ഛനാണ് പരാതി നൽകിയത്. സുപോൾ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് നടന്നത്. പെൺകുട്ടികളെ ആദ്യം വീട്ടിൽ നിന്നും മാറ്റിയ ശേഷമാണ് കാശ്മീരി പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ നാലുപേരെയും ,മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയപ്പോൾ തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഭർത്താക്കന്മാരെ വരിച്ചതെന്നും തങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും യുവതികൾ പറഞ്ഞു. എന്നാൽ ട്രാൻസിറ്റ് റിമാൻഡിൽ ഇവരെ കാശ്മീരിലേക്ക് തിരികെ കൊണ്ടുപോകാൻ പൊലീസിനെ അനുവദിക്കുകയാണ് മജിസ്‌ട്രേറ്റ് ചെയ്തത്.
ബിഹാറി സഹോദരന്മാർ കാശ്മീരിൽ കൽപ്പണിക്കാരായി ജോലി ചെയ്യുമ്പോഴാണ് യുവതികളെ പരിചയപ്പെടുന്നതും അവരുമായി പ്രണയത്തിലാകുന്നതും. വിവാഹ സാഫല്യത്തിനായി മൂന്ന് വർഷത്തോളം കാത്തിരുന്ന ഇവർ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ അവസരത്തിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഭർത്താക്കന്മാർ തങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും തങ്ങൾ അവരുടെ കൂടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും കാശ്മീരി യുവതികൾ പറയുന്നുണ്ട്. എന്നാൽ കാശ്മീരിലെ കോടതിയാണ് ഇനി ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കുക എന്ന് അവിടുത്തെ പൊലീസ് പറയുന്നു.