hacking

സാങ്കേതിക വിദ്യ ഏറെ വളർന്ന ഈ അത്യാധുനിക കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങൾ എല്ലാവരെയും അലട്ടുന്ന ഒന്നാണ്. മൊബൈൽ ഫോണും കംപ്യൂട്ടറും ഉപയോഗിച്ച് ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾ തിരയുമ്പോൾ അറിഞ്ഞോ അറിയാതെയോ ചിലപ്പോൾ നമ്മൾ ചെന്ന് ചാടുന്നത് അപകടത്തിലേക്കായിരിക്കും. എന്നാൽ ചില കോഡുകൾ ഉപയോഗിച്ച് നമ്മുടെ ഫോൺ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുമെന്ന് പലർക്കും അറിയില്ല. ഇത്തരത്തിൽ ഉപയോഗപ്രദമായ ചില കോഡുകളും രീതികളും പരിചയപ്പെടാം.

*#26#

നമ്മുടെ ഫോണിൽ നിന്നും കോൾ, മെസേജ്, ഡാറ്റ തുടങ്ങിയവ മറ്റേതെങ്കിലും സ്ഥലത്തേക്ക് ഡൈവർട്ട് ചെയ്‌തിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് ഈ കോഡ് ഉപയോഗിക്കുന്നത്. ഒരുപക്ഷേ നിങ്ങളുടെ കോൾ വിവരങ്ങൾ ചോർത്താൻ നിങ്ങളുടെ പങ്കാളിയോ മാതാപിതാക്കളോ അന്വേഷണ ഏജൻസികളോ ശ്രമിക്കുന്നുണ്ടായിരിക്കും. അല്ലെങ്കിൽ അപരിചിതർക്ക് ഫോൺ കൈമാറുന്നതിലൂടെയും നിങ്ങളുടെ ഫോൺ വിവരങ്ങൾ ചോർത്തപ്പെട്ടേക്കാം. നിർദ്ദോഷകരമെന്ന് തോന്നുന്ന ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്‌താൽ പോലും നിങ്ങൾ ഫോൺ ചോർത്തലിന് വിധേയമാകാമെന്ന് വിദഗ്‌ദ്ധർ പറയുന്നു. ഇനി എന്റെ കോൾ രേഖകൾ ചോർത്തിയിട്ട് എന്ത് കിട്ടുമെന്ന് ചോദിക്കാൻ വരട്ടെ, നിങ്ങളുടെ വ്യക്തിവിവരങ്ങൾ, സാമ്പത്തിക സ്ഥിതി, സ്വകാര്യ കാര്യങ്ങൾ, ദിനചര്യ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയ കാര്യങ്ങൾ ഒരു ക്രിമിനൽ സംഘത്തിന് ലഭിച്ചാൽ അവർ അത് ഏതൊക്കെ രീതിയിൽ ഉപയോഗിക്കുമെന്ന് ഓർത്താൽ മതി.

hacking

*#62#

നമ്മുടെ കോൾ, മെസേജ്, ഡാറ്റ തുടങ്ങിയ വിവരങ്ങൾ മറ്റേതെങ്കിലും നമ്പരിലേക്കോ അല്ലെങ്കിൽ സംവിധാനത്തിലേക്കോ റീ ഡയറക്‌ട് ചെയ്‌തിട്ടുണ്ടോ എന്ന് മനസിലാക്കാം. ഇങ്ങനെ റീ ഡയറക്‌ട് ചെയ്യപ്പെട്ടയാളുടെ നമ്പരിലേക്ക് ആർക്കും ബന്ധപ്പെടാൻ കഴിയില്ല. പലപ്പോഴും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതിന് മൊബൈൽ സേവനദാതാക്കൾ തന്നെ ഇങ്ങനെ ചെയ്യാറുണ്ടെന്ന് ആരോപണമുണ്ട്.

##002#

ഒരുപക്ഷേ ഫോണിൽ നിന്നും കോൾ, മെസേജ്, ഡേറ്റ എന്നിവ മറ്റേതെങ്കിലും നമ്പരിലേക്ക് ഡൈവർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയാൽ എന്തുചെയ്യും. ##002# എന്ന കോഡ് നിങ്ങളുടെ ഫോണിൽ ഉപയോഗിച്ചാൽ മതി. നിലവിൽ എന്തെങ്കിലും കോൾ ഫോർവേഡിംഗ്, ഡൈവർട്ടിംഗ് എന്നിവ ഉണ്ടെങ്കിൽ അതിനെ ക്ലിയർ ചെയ്യാനാണീ കോഡ്. റോമിംഗിലേക്ക് പ്രവേശിക്കുമ്പോൾ ഈ കോഡ് ഉപയോഗിക്കുന്നത് നല്ലതാണെന്ന് വിദഗ്‌ദ്ധർ പറയുന്നു.

*#06#

നമ്മുടെ ഫോണിന്റെ യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പരായ ഐ.എം.ഇ.ഐ ( International Mobile Equipment Identity ) അറിയാൻ വേണ്ടിയാണ് ഈ കോഡ് ഉപയോഗിക്കുന്നത്. ഫോൺ മോഷ്‌ടിക്കപ്പെട്ടാൽ കണ്ടുപിടിക്കുന്നതിന് ഈ നമ്പർ അത്യാവശ്യമാണ്.

hacking

ആന്റീ വൈറസുകൾ ഉപയോഗിക്കുക

ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ തീർച്ചയായും ആന്റീ വൈറസുകൾ തങ്ങളുടെ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കണമെന്നാണ് സാങ്കേതിക വിദഗ്‌ദ്ധർ പറയുന്നത്. മാത്രവുമല്ല ഫോണിൽ വൈറസുകൾ കയറിയിട്ടുണ്ടോയെന്ന് ഇടയ്‌ക്ക് പരിശോധിക്കുകയും വേണം. പലപ്പോഴും ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന ചില ആപ്ലിക്കേഷനുകളിലെ മാൽവെയറുകൾ രഹസ്യങ്ങൾ ചോർത്തുന്നതായി സൈബർ സുരക്ഷാ വിദഗ്‌ദ്ധർ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ സൈന്യം നിർമിച്ച പ്ലേസ്റൈഡർ എന്ന മാൽവെയർ ഇതിന് ഉദാഹരണമാണ്. വൈറസ് ബാധിച്ച ഫോണിലെ ക്യാമറയിൽ നിന്നും ചുറ്റുമുള്ള ചിത്രങ്ങൾ പകർത്തി അതുപയോഗിച്ച് ത്രിമാന രൂപങ്ങളുണ്ടാക്കിയാണ് രഹസ്യങ്ങൾ ചോർത്തുന്നത്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ സ്വകാര്യ വിവരങ്ങൾ ബാങ്ക് വിവരങ്ങൾ എന്നിവ അപ്പാടെ ചോർത്താനും ഇതിന് കഴിയും. ഇത്തരം മാൽവെയറുകളെ കണ്ടെത്താൻ സഹായിക്കുന്ന ആന്റീ വൈറസുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

hacking

ക്രിമിനലുകളിൽ നിന്നും ഹാക്കർമാരിൽ നിന്നും എങ്ങനെ രക്ഷപ്പെടാം

പുറത്തുള്ളവർക്ക് നുഴഞ്ഞുകയറാൻ പറ്റാത്ത രീതിയിലുള്ള മെസേജിംഗ് ആപ്പുകളായ ടെലഗ്രാം, സിഗ്‌നൽ എന്നിവ ഉപയോഗിക്കുക.

സോഷ്യൽ മീഡിയയിൽ സ്വകാര്യ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യരുത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്നിട്ടാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ.

അൺനോൺ ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യരുത്.

ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന ആപ്പുകൾ ഇടയ്‌ക്ക് പരിശോധിക്കണം. എന്തെങ്കിലും അസ്വാഭാവികതയുണ്ടെന്ന് തോന്നിയാൽ അപ്പോൾ തന്നെ അൺഇൻസ്‌റ്റാൾ ചെയ്യണം. ഇൻസ്‌റ്റാൾ ചെയ്യുന്ന സമയത്ത് അനാവശ്യമായ പെർമിഷനുകൾ ചോദിക്കുന്ന ആപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

സുരക്ഷിതമല്ലെന്ന് തോന്നുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്. പ്രമുഖ വെബ്സൈ‌റ്റുകളുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വ്യാജ വെബ്സൈ‌റ്റുകൾ നിർമിച്ച് പണം തട്ടിയ സംഘത്തെ അടുത്തിടെയാണ് കേരള പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച ഒരു പ്രൊമോഷൻ ഓഫറിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്‌ത ആലപ്പുഴ സ്വദേശിയായ വിമുക്ത ഭടന്റെ 2,57,000രൂപയാണ് നഷ്‌ടപ്പെട്ടത്.

പൊതുഇടങ്ങളിൽ സംശയാസ്‌പദമായി കാണുന്ന ചാർജിംഗ് പോയന്റുകളിൽ ഫോൺ കണക്‌ട് ചെയ്യരുത്.

ആവശ്യമെങ്കിൽ ഒരു സൈബർ സുരക്ഷാ വിദഗ്‌ദ്ധന്റെ സേവനം തേടുക.