ന്യൂഡൽഹി: മദ്ധ്യപ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി. പി.സി.സി പ്രസിഡന്റാക്കിയില്ലെങ്കിൽ തനിക്ക് മറ്റ് വഴികൾ നോക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ നേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ട്. വിഷയത്തിൽ കടുത്ത പ്രതിഷേധത്തിലുള്ള സിന്ധ്യ ബി.ജെ.പി നേതൃത്വവുമായി ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പി.സി.സി അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി കമൽനാഥ് വ്യക്തമാക്കി. പുതിയ അദ്ധ്യക്ഷനെ നിയമിക്കണമെന്ന് ആറ്മാസം മുമ്പ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജ്യോതിരാദിത്യസിന്ധ്യക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ലെന്നും കമൽനാഥ് വ്യക്തമാക്കി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ നേരിൽക്കണ്ടാണ് കമൽനാഥ് ഇക്കാര്യമറിയിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം പി.സി.സി പ്രസിഡന്റ് സ്ഥാനം കമൽനാഥ് ഒഴിയുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പിന്നീട് ലോക്‌സഭ തിരഞ്ഞെടുപ്പ് വന്നപ്പോഴും പി.സി.സി പ്രസിഡന്റ് സ്ഥാനം വിട്ടുനൽകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സിന്ധ്യ പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള സമയം അതിക്രമിച്ചു എന്നാണ് സിന്ധ്യ അനുകൂലികൾ വാദിക്കുന്നത്. നിലവിൽ സിന്ധ്യയെ അനുനയിപ്പിക്കാനായി മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്‌ക്രീനിംഗ് കമ്മറ്റി ചെയർമാനായി അദ്ദേഹത്തെ പാർട്ടി നിയോഗിച്ചിരുന്നു. എന്നാൽ,പി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ ഒരു ഒത്തുതീർപ്പിനുമില്ലെന്നാണ് സിന്ധ്യയുടെ നിലപാട്.