atharva

മുംബയ്: കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ ശ്രീലങ്കയിൽവച്ച് നടക്കുന്ന യൂത്ത് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ അണ്ടർ​ 19 ടീമിനെ പ്രഖ്യാപിച്ചത്. ലിസ്റ്റിൽ മുംബയ് സ്വദേശിയായ അഥർവയുമുണ്ട്. അഥർവയുടെ ഈ നേട്ടത്തിന് പിന്നിൽ കണ്ടക്ടറായ അമ്മ വൈദേഹിയുടെ കരങ്ങളാണ്.

മുംബയ് മുൻസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ബൃഹത് മുംബയ് ഇലക്ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിൽ(ബെസ്റ്റ്)​ കണ്ടക്ടറാണ് വൈദേഹി. ബെസ്റ്റിൽ മുമ്പ് അഥർവയുടെ അച്ഛനായിരുന്നു കണ്ടക്ടർ. കുടുംബത്തിനുള്ള ഏകവരുമാനം ഇത് മാത്രമായിരുന്നു. 2010ൽ പിതാവ് മരണമടഞ്ഞു. അന്ന് അഥർവയ്ക്ക് ഒമ്പത് വയസ് മാത്രമായിരുന്നു പ്രായം.

ഭർത്താവിന്റെ വിയോഗത്തിലുള്ള ദു:ഖത്തിനൊപ്പം ഇനി എങ്ങനെ ജീവിക്കുമെന്ന ചോദ്യവും ആ അമ്മയെ വേട്ടയാടി. ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ട്യൂഷനെടുക്കാൻ ആരംഭിച്ചു. അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു അന്ന് ജീവിതം.

കുറച്ച് കാലത്തിന് ശേഷം ഭർത്താവിന്റെ ജോലി വൈദേഹിക്ക് ലഭിച്ചു. മകന്റെ സ്വപ്നം നിറവേറ്റാൻ കാരണം ഈ ജോലിയാണെന്ന് വൈദേഹി പറയുന്നു. അഥർവയുടെ നേട്ടമറിഞ്ഞ് പതിനായിരക്കണക്കിനാളുകളാണ് ഈ അമ്മയെ വിളിച്ച് അഭിനന്ദിച്ചത്. മുംബയ് റിസ്‌വി കോളേജ് ഒഫ് ആർട്സ് സയൻസ് ആൻഡ് കൊമേഴ്സ് വിദ്യാർത്ഥിയാണ് ഇടംകൈയൻ സ്പിന്നറായ അഥർവ. പണ്ട് ഒരു പരിശീലന മത്സരത്തിനിടെ സച്ചിൻ തെണ്ടുൽക്കറുടെ വീക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട് ഈ കൗമാരക്കാരൻ.