news

1. കര്‍ണാടകത്തിന് പിന്നാലെ, കോണ്‍ഗ്രസിന് തലവേദനയായി മധ്യപ്രദേശും. സംസ്ഥാന പി.സി.സി അധ്യക്ഷ സ്ഥാനം നല്‍കിയില്ല എങ്കില്‍ പാര്‍ട്ടി പിളര്‍ത്താന്‍ ഉറച്ച് ജോതിരാദിത്യ സിന്ധ്യ രംഗത്ത്. ബി.ജെ.പിയുമായി സിന്ധ്യ ചര്‍ച്ചകള്‍ നടത്തിയത് ആയി സൂചനയുണ്ട്. കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ ഇപ്പോള്‍ രൂക്ഷം ആയിരിക്കുകയാണ്. മുഖ്യമന്ത്രി കമല്‍ നാഥാണ് നിലവില്‍ പി.സി.സി അധ്യക്ഷന്‍. കമല്‍നാഥിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ പാര്‍ട്ടി നേതൃത്വം സിന്ധ്യക്ക് നല്‍കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെയും നീക്കങ്ങള്‍ ഒന്നും ഉണ്ടായില്ല, സിന്ധ്യ നിലപാട് കടുപ്പിച്ചത് ഈ സാഹചര്യത്തില്‍.
2. എന്നാല്‍ സിന്ധ്യയുടെ ആവശ്യത്തെ എതിര്‍ത്ത് കമല്‍ നാഥും ദിഗ് വിജയ് സിംഗും. കമല്‍ നാഥ് ഡല്‍ഹിയില്‍ എത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശില്‍ പുതിയ അധ്യക്ഷനെ നിയമിക്കുവാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു എന്ന് കമല്‍നാഥ്. അധ്യക്ഷ നിയമനത്തില്‍ സിന്ധ്യക്ക് രോഷം ഉണ്ടെന്ന് കരുതുന്നില്ല. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും സോണിയാ ഗാന്ധിയും ആയുള്ള ചര്‍ച്ച വിജയകരം എന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ പി.സി.സി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് തര്‍ക്കമില്ല എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി തീരുമാനത്തിന് ഒപ്പം നില്‍ക്കും.
3. പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസില്‍,ഉത്തരങ്ങള്‍ കോപ്പി അടിച്ചത് സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് എന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തത് എന്നും ഇരുവരും പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയുള്ള ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ആണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ജയിലില്‍ വച്ചുള്ള ചോദ്യം ചെയ്യിലില്‍ കോപ്പിയടി സമ്മതിച്ച പ്രതികള്‍ ആസൂത്രണം നടപ്പിലാക്കിയത് എങ്ങനെ ന്നെ് വ്യക്തമാക്കിയിരുന്നില്ല.
4. പരീക്ഷ തുടങ്ങിയ ശേഷം സ്മാര്‍ട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ എസ്.എം.എസ്സുകള്‍ ആയി വന്നു എന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചു. കോപ്പിയടിക്കു വേണ്ടി ഓണ്‍ലൈന്‍ വഴി വാച്ചുകള്‍ വാങ്ങി എന്നാണ് സൂചന. പക്ഷെ, ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളില്‍ പി.എസ്.സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചു എങ്കിലും പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നല്‍കിയത്.


5. കേസിലെ മറ്റ് പ്രതികളായ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പൊലീസിന് പിടി കൂടാനായിട്ടില്ല. പരീക്ഷ തുടങ്ങിയ ശേഷം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ചോര്‍ന്നു കിട്ടിയ ഉത്തര കടലാസ് നോക്കി ഗോകുലും സഫീറും ചേര്‍ന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേര്‍ക്കും എസ്.എം.എസ് വഴി നല്‍കിയെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പരീക്ഷാ ഹാളില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കാനുള്ള സഹായം പ്രതികള്‍ക്ക് ലഭിച്ചുവെന്ന സംശയവും ബലപ്പെടുന്നുണ്ട്.
6. പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയേക്കും. നിഷയെ സ്ഥാനാര്‍ത്ഥി ആക്കണം എന്ന് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും. കെ.എം. മാണിയുടെ കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥി വേണം എന്നും ആവശ്യം. രാജ്യസഭാഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാര്‍ത്ഥി ആവേണ്ട എന്ന് യു.ഡി.എഫില്‍ പൊതു വികാരം. നിഷയെ പരിഗണിക്കുന്നത് മറ്റ് പ്രമുഖര്‍ ഇല്ലാത്തതിനാല്‍. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാതെ യു.ഡി.എഫ്. പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുന്നതും സജീവ ചര്‍ച്ചയില്‍. ഇന്ന് ഉച്ചയ്ക്ക് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിലെ ജോസ് കെ മാണി വിഭാഗം യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.
7. ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണം എന്ന ശുപാര്‍ശയോടെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ പരിഗണിക്കാന്‍ ആവില്ലെന്നു കേന്ദ്രം കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ച സാഹചര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി ആയിരിക്കും. ഡി.ജി.പി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തേമസിനെ സസ്‌പെന്‍ഷനില്‍ ഏറെക്കാലം പുറത്തു നിര്‍ത്താനാകില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയെ തുടര്‍ന്നാണ് തിരിച്ചെടുക്കാം എന്നുള്ള ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ
8. മൂന്നുമാസം മുന്‍കൂര്‍ നോട്ടിസ് നല്‍കണം എന്ന കാലപരിധി പാലിക്കാത്തതിനാല്‍ സ്വയം വിരമിക്കല്‍ അപേക്ഷ അനുവദിക്കാന്‍ ആവില്ലെന്നു കേന്ദ്രം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. വി.ആര്‍.എസ് നല്‍കാന്‍ ആവില്ല എന്നായിരുന്നു സംസ്ഥാനത്തിന്റേയും നിലപാട്. അദ്ദേഹത്തിന് എതിരെയുള്ള വിജിലന്‍സ്, ക്രൈംബ്രാഞ്ച് കേസുകളുടെയും സര്‍ക്കാരിനെ വിമര്‍ശിച്ചു എന്ന കേസിലുള്ള സസ്‌പെന്‍ഷന്റെയും രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിനു നല്‍കിയിരുന്നു. തിരിച്ചെടുക്കാന്‍ തീരുമാനിച്ചാലും വിജിലന്‍സ്,ക്രൈംബ്രാഞ്ച് കേസുകള്‍ ചൂണ്ടികാട്ടി അപ്രധാന പദവികള്‍ നല്‍കും എന്നാണ് സൂചന
9. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന പി.ചിദംബരത്തെ ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. 8 ദിവസമായി സി.ബി.ഐ ചോദ്യം ചെയ്യല്‍ തുടരുക ആയിരുന്നു. കസ്റ്റഡി നീട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചില്ലെങ്കില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ചിദംബരത്തെ കൂട്ട് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്തതായാണ് വിവരം. ഇന്ന് ഹാജരാക്കുമ്പോള്‍ അന്വേഷണ പുരോഗതി സി.ബി.ഐ കോടതിയെ അറിയിക്കും.
10. കൂടുതല്‍ ദിവസം കസ്റ്റഡി ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇല്ലെങ്കില്‍ ജാമ്യാപേക്ഷ പരിഗണിക്കണം എന്ന് ചിദംബരം ആവശ്യപ്പെടും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ട് ഡല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പരിഗണിക്കരുത് എന്ന് സുപ്രിം കോടതി സി.ബി.ഐ കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ സുപ്രിം കോടതി അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്