കോട്ടയം: മദ്യലഹരിയിൽ വീട്ടിലെത്തിയ ഗൃഹനാഥൻ വീടിന് തീയിട്ടു. കോട്ടയം കടുത്തുരുത്തി വെള്ളാശ്ശേരി തത്തപ്പള്ളി താഴത്തു പുത്തൻതറ മനേഹരനാണ്(46) ഇന്നലെ രാത്രി 8 മണിയോടെ വീടിന് തീയിട്ടത്. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു.
മേസ്തിരി പണിക്കാരനായ മനോഹരൻ ജോലി കഴിഞ്ഞ് മദ്യലഹരിയിലായിരുന്നു വീട്ടിലെത്തിയത്. തുടർന്ന് മുറിയിലെ കിടക്കകൾക്ക് തീയിട്ടു. കിടക്കയിൽ നിന്ന് തീ പടർന്ന് കട്ടിലും വയറിങ്ങുമൊക്കെ കത്തിനശിച്ചു. ഭാര്യ മിനിയും മക്കളും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിൽ അഭയം തേടി.
തീപടരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. പൊലീസെത്തിയെങ്കിലും മനോഹരനെ പിടികൂടാൻ സാധിച്ചില്ല. വീട്ടിൽ കലഹം പതിവായതിനാൽ മനോഹർ വീട്ടിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.