urmila-matondkar

മുംബയ്: കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ വിമർശിച്ച് മുൻ ബോളിവുഡ് നടിയും കോൺഗ്രസ് നേതാവുമായ ഊർമിള മത്തോണ്ഡ്ക്കർ. കാശ്മീർ സ്വദേശിയായ തന്റെ ഭർത്താവ് അദ്ദേഹത്തിന്റെ അച്ഛനമ്മമാരുമായി സംസാരിച്ചിട്ട് 22 ദിവസമായി എന്നായിരുന്നു ഊർമിള വെളിപ്പെടുത്തിയത്. കാശ്മീരിൽ കഴിയുന്ന തന്റെ ഭർത്താവിന്റെ മാതാപിതാക്കൾ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവരാണെന്നും അവർ കഴിക്കേണ്ട മരുന്നുകൾ കഴിച്ചോ എന്ന് തങ്ങൾക്ക് ഉറപ്പിക്കാൻ ആകുന്നില്ലെന്നും ഊർമിള പറഞ്ഞു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത് മാത്രമല്ല പ്രശ്നമെന്നും, ആ തീരുമാനം തീർത്തും മനുഷ്യത്വവിരുദ്ധമായാണ് നടപ്പാക്കിയതെന്നും ഊർമിള ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കാശ്മീരിന് പ്രത്യേക പദവികൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതായി അമിത് ഷാ പ്രഖ്യാപിക്കുന്നത്. ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി കാശ്മീരിനെ സർക്കാർ വിഭജിക്കുകയായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി ഊർമിള മത്തോണ്ഡ്ക്കർ മത്സരിച്ചിരുന്നു. എന്നാൽ ബി.ജെ.പി സ്ഥാനാർഥിയായ ഗോപാൽ ഷെട്ടിയോട് നാല് ലക്ഷത്തിൽപരം വോട്ടുകൾക്ക് ഇവർ പരാജയപ്പെട്ടു. ഊർമിളയുടെ ഭർത്താവ് മൊഹ്‌സിൻ അഖ്ത്തർ മിർ മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസുകാരനാണ്.