കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് അറസ്‌റ്റിൽ. വിജിലൻസാണ് അറസ്‌റ്റ് ചെയ്‌തത്. ടി.ഒ സൂരജ് അടക്കം നാലു പേരെയാണ് കേസിൽ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കിറ്റ്‌കോ മുൻ എം.ഡി ബെന്നി പോൾ, നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ട്സ് എം.ഡി സുമിത് ഗോയൽ, ആർ.ബി.ഡി.സി.കെ അസിസ്‌റ്റന്റ് ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരാണ് അറസ്‌റ്റിലായ മറ്റു പ്രമുഖർ. പതിനേഴോളം പേർ സംഭവത്തിൽ പ്രതികളാണ്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ടി. ഒ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകുന്നത്. എന്നാൽ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പ്രതികരിച്ചത്.
മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ദേശീയപാത വിഭാഗത്തെ ഒഴിവാക്കി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന് (ആർ.ബി.ഡി.സി.കെ) പാലത്തിന്റെ നിർമ്മാണ ചുമതല നൽകിയത്.
അറസ്‌റ്റിലായവരെ ഉടൻ കോടതിയിൽ ഹാജരാക്കും. നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഉൾപ്പടെ പ്രതിയായ ആളാണ് ടി.ഒ സൂരജ്. ഇതിനെ തുടർന്ന് സൂരജിനെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.