iniya-beauty-secret

സിനിമയ്ക്കുവേണ്ടി പല താരങ്ങളും നടത്തുന്ന മേക്കോവറുകൾ വലിയ സംസാരമാകുമ്പോഴും ഇവിടെയൊരു താരം വളരെ നിശബ്ദമായി തന്റെ പല ചിത്രങ്ങൾക്കുംവേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഗ്രാമീണ വേഷമായാലും ഗ്ളാമർ റോളായാലും ഒക്കെ തനിക്കിണങ്ങുമെന്ന് തെളിയിച്ച ഇനിയയാണ് ആ നടി.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായമാമാങ്കമാണ് ഇനിയയുടെ പുതിയ മലയാള സിനിമ. ചിത്രത്തിനായി മെലിഞ്ഞ് സുന്ദരിയായാണ് ഇനിയ എത്തുന്നത്. എത്ര കിലോ കുറച്ചുവെന്നു ചോദിച്ചാൽ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെ: 'അങ്ങനെ ഇത്ര കിലോ എന്നൊന്നും കണക്കെടുത്തിട്ടില്ല. എന്റെ കൺസെപ്റ്റിലെ രൂപഭംഗി മാമാങ്കത്തിലെ ഉണ്ണി നീലിയുടേതാണ്. ഒരു അപ്സരസിന്റെ പോലെ അഴകളവുകൾ. അതിനായി ശ്രമിച്ചു. നന്നായി വന്നിട്ടുണ്ടെന്നാണ് അണിയറക്കാർ പറഞ്ഞത്. സിനിമ റിലീസാകുമ്പോൾ പ്രേക്ഷകരുടെ അഭിപ്രായം അറിയാം. സിനിമയിലെ കഥാപാത്രങ്ങൾക്കായി തടി കൂട്ടുന്നതും കുറയ്ക്കുന്നതുമൊന്നും ഇതാദ്യമായല്ല.

ഒരു നടിയും നർത്തകിയുമൊക്കെയാകുമ്പോൾ ഉറപ്പായും ശരീരം ശ്രദ്ധിക്കണം. അത് നമ്മുടെ ഫസ്റ്റ് പോളിസിയാണ്. എന്നു കരുതി തടി ഒരൽപ്പം കൂടിയാലോ മുഖത്തൊരു മുഖക്കുരു വന്നാലോ ഒന്നും ടെൻഷനടിച്ച് പഞ്ചറാകുന്ന ടൈപ്പല്ല ഞാൻ. അതൊക്കെ വന്നതുപോലെ പോകുമെന്ന് ഒരു വിശ്വാസമുണ്ട്. ഒരു തമിഴ് ചിത്രത്തിനായി 64 കിലോയിൽ നിന്ന് 54 കിലോയിലേക്ക് ഭാരം കുറച്ചിരുന്നു. അടുത്ത മലയാള സിനിമയ്ക്കായി ഭാരം വീണ്ടും 60നു മുകളിലെത്തിച്ചു. രണ്ട് സിനിമകൾക്കിടയിൽ ഇടവേളയെടുക്കാറുണ്ട്. ആ സമയത്താണ് തടി കൂട്ടലും കുറയ്ക്കലും ഒക്കെ നടക്കുക.

ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ 7.30 ആകുമ്പോൾ ഡാൻസ് ക്ളാസിനു പോകും. ഇതിനിടെ ഒരു ആറു ഗ്ളാസ് വെള്ളമെങ്കിലും കുടിക്കും. ക്ളാസ് കഴിഞ്ഞു വന്ന് പ്രഭാത ഭക്ഷണം. മുൻപൊക്കെ സാധാരണ ബ്രേക്ക്ഫാസ്റ്റ് തന്നെയാണ് കഴിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഡയറ്റ് നോക്കുന്നതുകൊണ്ട് പ്രൊട്ടീൻ ഫുഡ് ആണ് കൂടുതൽ. കാർബോഹൈഡ്രേറ്റ്സ് പൂർണമായും ഒഴിവാക്കി. അതുകഴിഞ്ഞ് ജിമ്മിൽ പോകും. ഫ്ളോർ വർക്കൗട്ടുകളാണ് ചെയ്യുക. അതും കാർഡിയോ റിലേറ്റഡ്.

നൃത്തം ചെയ്യുമ്പോഴും സ്റ്റേജ് പെർഫോമൻസിലും സ്റ്റാമിന നിലനിറുത്താൻ അത്തരം വർക്കൗട്ടുകൾ സഹായിക്കും. ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞാൽ ഒരൽപ്പം വിശ്രമം. അത് നമുക്ക് ഫ്രഷ്നസ് ഫീൽ തരും. ബൈക്ക് ഓടിക്കും. ഫ്രണ്ട്സിനൊപ്പം പുറത്തുപോകും. വൈകിട്ട് ബാഡ്മിന്റൺ കളിക്കും. ഇതിനിടെ സമയം കിട്ടിയാൽ പാട്ടുകേൾക്കും പുസ്തകം വായിക്കും. ബാക്കിയുള്ള സമയം വീട്ടുകാർക്കൊപ്പം. ഷൂട്ടിംഗ് ഉണ്ടെങ്കിൽ ഇതെല്ലാം ഷെഡ്യൂളനുസരിച്ച് മാറും.

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചീറ്റ് മീൽ ഉറപ്പായും ഉണ്ടാകും. അന്ന് ഇഷ്ടമുള്ളത് കഴിക്കും. പിന്നെ ഓണം പോലുള്ള വിശേഷ ദിവസങ്ങളിൽ ഡയറ്റിനോട് മാറിനിൽക്കാൻ പറയും. മൂന്നു പായസം ഉണ്ടെങ്കിൽ അതും കൂട്ടി തന്നെയാകും ഊണ്. മധുരപ്രിയയായതുകൊണ്ടു തന്നെ അത്തരം സന്ദർഭങ്ങളിൽ കൺട്രോൾ പോകും'-താരം പറഞ്ഞു.