pakistan

ന്യൂഡൽഹി: കാശ്മീരിന് പുറമെ നാഗാലാന്റിലും പ്രകോപനം സൃഷ്ടിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നു. നാഗാലാൻഡിൽ പാക് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പാകിസ്ഥാൻ കലാപത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നതെന്ന് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാക് അധിനിവേശ കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വീഡിയോകൾ ഷൂട്ട് ചെയ്ത് ജമ്മുവിലും നാഗാലാന്റിലുമാണ് ഇത് നടക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനും പാക് അധികൃതർ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.

ജമ്മുവിലെ തീവ്രവാദി ഗ്രൂപ്പുകൾക്ക് പുറമെ നാഗാലാൻഡിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടുന്ന വിമത സായുധ സംഘങ്ങൾക്കും പാകിസ്ഥാൻ ഈ വീഡിയോ എത്തിച്ചു കൊടുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇത്തരത്തിൽ കുപ്രചരണം നടത്തുന്ന പാകിസ്ഥാനെ തടയുന്നതിന് വേണ്ടിയാണ് കാശ്മീരിലെ ഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ നിർത്തിവച്ചിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഗസ്ത് അഞ്ചിനാണ് ഈ സേവനങ്ങൾ സർക്കാർ നിർത്തിവച്ചത്.

കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ നടത്തിയ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് ഇന്ത്യ നേരത്തെ രംഗത്തെത്തിയിരുന്നു. പാക് മന്ത്രി ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ കത്തിന് കടലാസിന്റെ പോലും വില ഇല്ലെന്നും അതിനെ കുറിച്ച് സംസാരിച്ച് ആ കത്തിന് വിശ്വാസ്യത നൽകേണ്ട കാര്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ പറഞ്ഞിരുന്നു. രാജ്യങ്ങൾക്കിടയിൽ ആശങ്കാജനകമായ സാഹചര്യം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ ശാന്തമായി വരികയാണെന്നും ജമ്മു കാശ്മീർ ഗവർണറായ സത്യപാൽ മാലിക്കിന്റെ വാക്കുകൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. ജമ്മു കാശ്മീരിൽ 50,000 പേർക്ക് സർക്കാർ തൊഴിൽ ലഭിക്കുമെന്നും കാശ്മീരിലെ പ്രധാന കാർഷിക വിളയായ ആപ്പിളിന് താങ്ങുവില നൽകുമെന്നും ജമ്മു കാശ്‌മീർ ഗവർണർ പറഞ്ഞിരുന്നു. ജമ്മു കാശ്മീരിലെ 10 ജില്ലകളിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും രവീഷ് കുമാർ ചൂണ്ടിക്കാട്ടി. ജമ്മുവിലും ലഡാക്കിലും ലാൻഡ്‌ലൈൻ ഫോണുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു.