jayaram-jagathy

മലയാള സിനിമാപ്രേമികൾക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ജയറാം- ജഗതി ശ്രീകുമാർ കോമ്പിനേഷൻ. സി.ഐ.ഡി ഉണ്ണികൃഷ്‌ണൻ ബി.എ ബി.എഡ്, മേലേപ്പറമ്പിൽ ആൺവീട്, കിലുകിൽ പമ്പരം, ആദ്യത്തെ കൺമണി, പട്ടാഭിഷേകം, ഞങ്ങൾ സന്തുഷ്‌ടരാണ്, മയിലാട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും പ്രേക്ഷകരുടെ മനം കവർന്നു. അപകടത്തിന് മുമ്പ് ജഗതി ഏറ്റവുമൊടുവിലായി അഭിനയിച്ചതും ജയറാമിനൊപ്പമായിരുന്നു.

താൻ ഒരുപാട് നാളായി ആഗ്രഹിച്ചിട്ടും ജഗതിക്ക് കൊടുക്കാൻ കഴിയാതിരുന്ന ഒരു കാര്യത്തെ കുറിച്ച് മനസു തുറക്കുകയാണ് ജയറാം. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതുവരെയും വെളിപ്പെടുത്താത്ത ആ രഹസ്യം ജയറാം പറഞ്ഞത്. പുതിയ ചിത്രം പട്ടാഭിരാമനുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു ജയറാം ജഗതിയെ ഓർത്തെടുത്തത്.

ജയറാമിന്റെ വാക്കുകൾ-

'എന്റെ അമ്മ നല്ല ഒരു വെജിറ്റേറിയൻ കുക്കായിരുന്നു. അസലായിട്ട് ഭക്ഷണമുണ്ടാക്കും. എന്റെ സുഹൃത്തുക്കൾ എപ്പോൾ വീട്ടിൽ വന്നാലും അമ്മ അസലായി ദോശയൊക്കെ ഉണ്ടാക്കി കൊടുക്കുമായിരുന്നു. ഇന്നേവരെ എനിക്ക് വിഷമമുണ്ടാക്കിയിട്ടുള്ള കാര്യം ജഗതി ശ്രീകുമാറുമായി ബന്ധപ്പെട്ടാണ്. അദ്ദേഹം ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞു വരുന്ന വഴിക്ക് വീട്ടിൽ വന്നു. അന്ന് അദ്ദേഹത്തിന് അമ്മ അടദോശ ഉണ്ടാക്കികൊടുത്തു. അന്നുതൊട്ട് ജഗതിച്ചേട്ടൻ പലപ്പോൾ വരുമ്പോഴും അമ്മയോട് ചോദിച്ച് അതിന്റെ റെസിപ്പി ഒന്നു വാങ്ങണേ എന്നു പറയും. എന്നാൽ അപ്പോഴെല്ലാം ഞാൻ മറക്കും. ഒടുവിൽ എന്റെ അമ്മ മരിക്കുന്നതിന് മുമ്പ് റെസിപ്പി എല്ലാം എനിക്ക് എഴുതി തന്നു. അതിന്നും എന്റെ കൈയിലിരിപ്പുണ്ട് ജഗതി ചേട്ടന് കൊടുക്കാൻ കഴിയാതെ. ജഗതി ചേട്ടൻ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയിട്ടു വേണം എനിക്ക് ആ റെസിപ്പി വച്ച് അട ദോശ ഉണ്ടാക്കി കൊടുക്കാൻ'.