ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ത്രില്ലർ എന്ന ടാഗ്‌ലൈനോട് കൂടിയെത്തിയ പ്രഭാസ് ചിത്രം സാഹോ ദൃശ്യവിസ്മയമൊരുക്കി പ്രേക്ഷകനെ ത്രസിപ്പിക്കാനുള്ള ശ്രമമാണ്. വിദേശത്ത് ഏറെയും ചിത്രികരിച്ചിരിക്കുന്ന സിനിമയിൽ ആക്ഷനോളം പ്രാധാന്യം മറ്റൊരു ഘടകത്തിനുമില്ല എന്ന് തന്നെ പറയാം. നായകനെയും വില്ലനും തമ്മിലുള്ള പോര് തന്നെയാണ് കഥയെങ്കിലും മറ്റ് പല ട്വിസ്റ്റും നിറച്ച സിനിമയാണ് സംവിധാകൻ സുജീത്ത് ഒരുക്കിയിരിക്കുന്നത്.
ഒരു വലിയ പ്രസ്ഥാനത്തിന്റെ തലവൻ റോയിയുടെ അപകടമരണമാണ് ചിത്രത്തിലാദ്യം. ഒരു സാമ്രാജ്യത്തിന്റെ രാജാവായിരുന്ന ഇദ്ദേഹത്തിന്റെ മരണാനന്തരം ഒഴിച്ചിടുന്ന കസേരയുടെ അവകാശം പറ്റാൻ നടക്കുന്ന വില്ലന്മാരെയും അവതരിപ്പിച്ച സിനിമ ഉടൻ തന്നെ ഒരു വൻ കൊള്ളയുടെ പൊലീസ് അന്വേഷണത്തിലേക്ക് പ്രേക്ഷനെ കൊണ്ടി പോകുന്നു. അതിനിടയിൽ ഒരു അതിസാഹസിക സംഘട്ടന രംഗത്തിലൂടെയാണ് നായകനായ അശോകിന്റെ (പ്രഭാസ്) രംഗപ്രവേശം. അവിടെ നിന്നങ്ങോട്ട് ആക്ഷൻ സീനുകളുടെ ഘോഷയാത്രയാണ്. നടക്കാൻ പോകുന്ന ഒരു വൻ കൊള്ളയും അതിന് പിന്നിലെ അതിവിദഗ്ദനായ മോഷ്ടാവിനെ കൈയോടെ പിടികൂടാനുള്ള രഹസ്യാന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത് അശോകാണ്. കുശാഗ്ര ബുദ്ധിക്കാരനായ പൊലീസുകാരൻ കൂടിയാണ് അശോക്. തന്റെ അന്വേഷണ സംഘത്തിലെ അമൃതയോട് (ശ്രദ്ധ കപൂർ) ആദ്യ മുതൽക്കേ അശോകിന് പ്രണയമാണ്. ഒരു കംപ്ളീറ്റ് ആക്ഷൻ ചിത്രത്തിലെ ഈ പ്രണയം മുഴച്ചു നിൽക്കുന്നുണ്ട്, പ്രത്യേകിച്ച് പ്രണയ രംഗങ്ങൾക്ക് വൈകാര്യത ഒന്നും അവകാശപ്പെടാനാവില്ല. പ്രണയത്തിനും കേസന്വേഷണത്തിനും ഇടയിൽ ഒരു വലിയ ട്വിസ്റ്റോടെ ചിത്രത്തിന്റെ ആദ്യ പകുതിയവസാനിക്കുന്നു. പ്രേക്ഷകനെ ഏറെ കുഴക്കുന്ന ഒട്ടനവധി രംഗങ്ങൾ ഇന്റർവെൽ പഞ്ചിന് മുൻപും ശേഷവുമുണ്ട്. രണ്ടാം പകുതിയിൽ ഭീമന്മരായ ഗുണ്ടകളോട് നായകന്റെ സംഘട്ടന രംഗങ്ങളുടെ അതിപ്രസരമാണ്. നായകന്റെ ബുദ്ധിയിൽ വില്ലനെ വിഡ്ഢിയാക്കുന്ന രംഗങ്ങളും ട്വിസ്റ്റുകളും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകാനിടയില്ല. എന്നാൽ സംഘട്ടന രംഗങ്ങൾ ലോകനിലവാരം പുലർത്തുന്നവയാണ്.
പലയിടത്തായി നടക്കുന്ന കഥാസന്ദർഭങ്ങൾ ഒരുമിച്ച് കാണിക്കുന്നത് വഴിയുണ്ടാകുന്ന പ്രഹേളികയാണ് ചിത്രത്തിന്റെ പ്രധാന പ്രശ്നം. ഏച്ചുകെട്ടലുകളില്ലാതെ എടുക്കാവുന്ന ഒരു കഥ സാഹോയിലുണ്ട്. എന്നാലത് കാണുന്നവർക്ക് ഉൾക്കൊള്ളാവുന്ന രീതിയിലുള്ള അവതരണമല്ല. അനാവശ്യമായ രംഗങ്ങൾ കുത്തിനിറച്ചിട്ടുണ്ട് ചിത്രത്തിൽ പലയിടത്തും. നായകന്റെ കഥാപാത്രം ഒഴിച്ച് മറ്റൊരു കഥാപാത്രത്തിനും വ്യക്തമായ ഉദ്ദേശമില്ല. ഹോളിവുഡിലെയും ബോളിവുഡിലെയും പല സിനിമകളുടെയും സ്വാധീനത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തം. തന്റെ ശക്തമായ സാന്നിദ്ധ്യത്തിലൂടെ പ്രഭാസ് സിനിമയെ ഒറ്റയ്ക്ക് താങ്ങി നിറുത്തുവാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ വികലമായ തിരക്കഥയും അവതരണവും അതിനൊരു വിലങ്ങുതടിയാണ്.
ജാക്കി ശ്രോഫ്, ടിന്നു ആനന്ദ്, നീൽ നിതിൻ മുകേഷ്, അരുൺ വിജയ്, ചങ്കി പാണ്ഡെ, ലാൽ, മന്ദിര ബേദി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കുറവുകൾ ഉണ്ടെങ്കിലും ആക്ഷൻ സിനിമകൾ ഇഷ്ടമുള്ളവർക്ക് ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രമാണ് സാഹോ.
വാൽക്കഷണം: സ്റ്റാർട്ട് കാമറ ആക്ഷനോട് ആക്ഷൻ
റേറ്റിംഗ്: 2/5