ന്യൂഡൽഹി: മുൻ കാമുകിയുടെ ഇപ്പോഴത്തെ കാമുകനെ കുടുക്കാൻ സ്വയം വെടിവച്ച് യുവാവ്. ഡൽഹിക്കാരനായ 26 വയസുകാരൻ ഗുലാം സബീറാണ് ഈ കടുംകൈ ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ മാദിപൂർ എന്ന സ്ഥലത്ത് വച്ച് ഗുലാമിന് വെടിയേറ്റുവെന്നറിഞ്ഞാണ് പൊലീസ് ഇവിടേക്ക് പാഞ്ഞെത്തിയത്. എന്നാൽ അപ്പോഴേക്കും ഗുലാമിനെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. ഇയാളോട് ശത്രുതയുള ആരോ ഗുലാമിനെ വെടിവെച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പൊലീസിന് ഇവിടെ നിന്നും ലഭിച്ച വിവരം.
ഇതിനെ തുടർന്ന് പൊലീസ് ഗുലാമിനെ കണ്ട ശേഷം കേസും, എഫ്.ഐ.ആറും രജിസ്റ്റർ ചെയ്യുകയും ചെയ്തു. പുനീത് എന്ന് പേരുള്ള ഒരാളാണ് തനിക്ക് നേരെ നിറയൊഴിച്ചതെന്നും, തന്റെ കാമുകിയെ ഉപേക്ഷിക്കാൻ ഇയാൾ ആവശ്യപ്പെട്ടുവെന്നും, അതിന് താൻ തയാറാകാതിരുന്നതിനാലാണ് പുനീത് വെടിവെച്ചതെന്നും ഗുലാം പൊലീസിനോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ കാര്യമായ അന്വേഷണം നടത്തിയ പൊലീസിന് അധികം താമസിയാതെ കാര്യങ്ങൾ ബോധ്യപ്പെട്ടു. തന്റെ മുൻ കാമുകിയുടെ നിലവിലെ കാമുകനെ ഗുലാം തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി മുൻകാമുകിയെ ഉപേക്ഷിക്കണമെന്നും അവളെ തനിക്ക് തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ പുനീത് ഇത് സമ്മതിച്ചില്ല. ഒടുവിൽ മനംനൊന്ത് പുനീതിനെ കള്ളക്കേസിൽ കുടുക്കാനും അതുവഴി മുൻകാമുകിയെ തിരികെ നേടാനും ഇയാൾ പദ്ധതിയിട്ടു. ഒടുവിൽ തന്റെ രണ്ട് സുഹൃത്തുക്കളോട് തോക്ക് കൊണ്ട് തന്നെ വെടിവെക്കാൻ ആവശ്യപ്പെടുകയും അത് നടപ്പിലാക്കുകയും ചെയ്തു. അരയ്ക്ക് താഴെയാണ് ഗുലാമിന്റെ സുഹൃത്തുക്കൾ ഇയാളെ വെടിവച്ചത്. ഇക്കാര്യങ്ങൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഗുലാം തന്നെയാണ് പൊലീസിനോട് സമ്മതിച്ചത്. ഗുലാമിന്റെ സുഹൃത്തുക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.