കൊളംബോ: ശ്രീലങ്കയ്ക്കെതിരെ സ്വന്തം നാട്ടിൽ മൂന്ന് ഏകദിനങ്ങളും ടിന്റ്വി20 മത്സരങ്ങളും കളിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. പാകിസ്ഥാനിലേക്ക് പോകാൻ ലങ്കൻ താരങ്ങളിൽ ചിലർ വിമുഖത പ്രകടിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലങ്കൻ ടീമിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവർ പിന്മാറിയത്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി20 മത്സരങ്ങളും കളിക്കാൻ പാക് ക്രിക്കറ്റ് ബോർഡ് ധാരണയിലെത്തിയിരുന്നു. എന്നാൽ ചില താങ്ങൾ പിന്മാറുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ നിരോഷൻ ഡിക്കവല്ല, ഓൾറൗണ്ടർ തിസാര പെരേര തുടങ്ങിയവരാണ് എതിർപ്പ് പരസ്യമാക്കിയത്. ഇവർക്കു പുറമെ മറ്റു ചില താരങ്ങൾക്കും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതേ സമയത്ത് നടക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ ഇരുവരും ബോർഡിനോട് അനുമതി തേടുകയും ചെയ്തു.
പാകിസ്ഥാനിൽ പരമ്പരയ്‌ക്കെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ 2009ൽ ഭീകരാക്രണമുണ്ടായ ശേഷം പ്രമുഖ ടീമുകളൊന്നും ഇവിടെ കളിക്കാനെത്തിയിട്ടില്ല. അന്ന് മുൻ ക്യാപ്റ്റൻ മഹേള ജയവർധനെ ഉൾപ്പെടെയുള്ളവർ കഷ്ടിച്ചാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്ന് സിംബാബ്‌വെ പോലുള്ള ചെറു രാഷ്ട്രങ്ങൾ മാത്രമാണ് പാകിസ്ഥാനിൽ കളിക്കാൻ തയ്യാറായിട്ടുള്ളത്. അതേസമയം, ഇന്ത്യൻ ടീമായിരുന്നു പര്യടനത്തിൽ കളിക്കേണ്ടിയിരുന്നത്. മുംബയ് ഭീകാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീം പിൻമാറുകയായിരുന്നു.