കൊച്ചി: റെനോയുടെ പുത്തൻ മോഡലായ ട്രൈബർ കേരള വിപണിയിലെത്തി. 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എൻജിനുള്ള ട്രൈബറിന് ആർ.എക്‌സ്.ഇ., ആർ.എക്‌സ്.എൽ., ആർ.എക്‌സ്.ടി., ആർ.എക്‌സ്.ഇസഡ് എന്നീ വേരിയന്റുകളുണ്ട്. 4.95 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.
ശ്രേണിയിൽ ആദ്യമെന്ന പെരുമയോടെ ഒട്ടേറെ ഫീച്ചറുകൾ ട്രൈബറിനുണ്ട്. ആകർഷകമാണ് രൂപകല്‌പന. ട്രിപ്പിൾ എഡ്ജ് ക്രോം ഗ്രിൽ, ഡി.ആർ.എല്ലോട് കൂടിയ പ്രോജക്‌ടർ ഹെഡ്‌ലാമ്പ്, സ്‌മാർട്ട് റൂഫ്‌റെയിൽ തുടങ്ങിയവ അഴകേകുന്നു. വിശാലമായ അകത്തളത്തിലെ പ്രധാന ആകർഷണം 20.32 സി.എം എൽ.ഇ.ഡി ടച്ച്സ്‌ക്രീനാണ്. 7 സീറ്റർ ഓപ്‌ഷനിൽ എത്തുന്ന ട്രൈബറിന് കാമ്പ് (2-സീറ്റർ), സർഫ് (4-സീറ്റർ), ട്രൈബ് (7-സീറ്റർ), ലൈഫ് (5-സീറ്റർ) സീറ്റിംഗ് മോഡുകളുണ്ട്. രണ്ടും മൂന്നും നിര മടക്കിവയ്‌ക്കുമ്പോൾ 625 ലിറ്റർ ബൂട്ട്‌സ്‌പേസ് ലഭിക്കും.
ഓരോ സീറ്റിംഗ് റോയിലും എ.സി. വെന്റുകളുണ്ട്. 3.9 മീറ്ററാണ് വാഹനത്തിന്റെ നീളം. 5-സ്‌പീഡ് മാനുവലാണ് ട്രാൻസ്‌മിഷൻ സംവിധാനം. ലിറ്ററിന് 20 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു. എ.ബി.എസ്., ഇ.ബി.ഡി., 2 മുതൽ നാലുവരെ എയർബാഗുകൾ, പാർക്കിംഗ് സെൻസർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും മികവാണ്.