mar-kariyil

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് സ്ഥാനം മാർ ജോർജ്ജ് ആലഞ്ചേരി ഒഴിഞ്ഞു. ജോർജ്ജ് ആലഞ്ചേരിയുടെ സ്ഥാനത്തേക്ക് എത്തുന്നത് മാർ ആന്റണി കരിയിലാണ്. അധികം വൈകാതെ ആർച്ച് ബിഷപ്പ് സ്ഥാനം ആന്റണി കരിയിൽ ഏറ്റെടുക്കുമെന്നാണ് വിവരം. നിലവിൽ കർണാടകയിലെ മാണ്ഡ അതിരൂപതയുടെ ബിഷപ്പായി സേവനം അനുഷ്ഠിക്കുകയാണ് മാർ ആന്റണി കരിയിൽ. ഇനി മാണ്ട്യ ബിഷപ്പിന്റെ സ്ഥാനത്തേക്ക് എത്തുന്നത് മാർ സെബാസ്റ്റ്യൻ എടയന്ത്രത്താണ്.

മാർ ജോർജ്ജ് ആലഞ്ചേരി തന്നെയാണ് പുതിയ ആർച്ച് ബിഷപ്പിന്റെ പേര് പ്രഖ്യാപിച്ചത്. ചേർത്തല സ്വദേശിയാണ് മാർ കരിയിൽ. കഴിഞ്ഞ ഏറെക്കാലമായി സീറോ മലബാർ സഭയിൽ, പ്രത്യേകിച്ച് അങ്കമാലി-എറണാകുളം അതിരൂപതയിൽ നിലനിൽക്കുന്ന ഭൂമിയിടപാട്, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഇപ്പോൾ ഈ സ്ഥാനമാറ്റം അതിരൂപതയിലെ സിനഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് എന്നാണ് അറിയാൻ കഴിയുന്നത്.

അതിരൂപത ആർച്ച് ബിഷപ്പ് പദവിയിൽ നിന്നും മാർ ജോർജ്ജ് ആലഞ്ചേരി ഒഴിഞ്ഞു നിൽക്കണമെന്ന് ഏതാനും വൈദികർ കുറച്ച് നാളുകളായി ആവശ്യപ്പെട്ട് വരികയായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്മാരായിരുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനേയും ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലിനേയും സസ്‌പെന്‍ഡ് ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി ചുമതല ഏറ്റെടുത്തതോടെയാണ് രൂപതയുടെ ഒരുകൂട്ടം വിശ്വാസികളും വൈദികന്മാരും പരസ്യപ്രതിഷേധത്തിലേക്ക് നീങ്ങിയിരുന്നു.