nirmala-sitaraman

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മഹാലയനം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പൊതുമേഖലയിൽ (പബ്ളിക് സെക്‌ടർ ബാങ്ക്) പത്തോളം ബാങ്കുകൾ ലയിച്ച് നാലായി മാറും. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും. കനാറാ, സിൻഡിക്കേറ്റ് എന്നീ ബാങ്കുകൾ ഒന്നാകും. യൂണിയൻ ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയും ഇന്ത്യാ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയും പരസ്‌പരം ലയിക്കും. തത്വത്തിൽ ഈ മഹാലയനത്തിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 27ൽ നിന്ന് 12 ആയി മാറും. പഞ്ചാബ്, ഓറിയന്റൽ, യുണൈറ്റഡ് ബാങ്കുകൾ ലയിക്കുന്നതോടു കൂടി 17.95 ലക്ഷം കോടിയുടെ വ്യാപാരലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാകും. നിലവിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ വ്യവഹാരത്തിന്റെ 1.5 ഇരട്ടിയാണിത്.

പൊതുമേഖലാ ബാങ്കുകളുടെ ശാക്തീകരണാർത്ഥം, ഓരോ ബാങ്കിലെയും ജനറൽ മാനേജർ അല്ലെങ്കിൽ തത്തുല്യമോ ആയ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താൻ ദേശീയതലത്തിൽ ഒരു കമ്മിറ്റി ഉണ്ടാകും. ബാങ്കിംഗ് മേഖലയെ ഇനിയും ശക്തിപ്പെടുത്തുമെന്നും, കിട്ടാക്കടം കുറഞ്ഞുവെന്നും 18 പൊതുമേഖലാ ബാങ്കുകളിൽ 14 ഉം ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഭവന വായ്പാ മേഖലയിലേക്കു 3,300 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചത്. വൻകിട വായ്പകളുടെ സ്ഥിതി പരിശോധിക്കും. ബാങ്കുകൾ ഭവനവായ്പയുടെ പലിശ കുറച്ചുതുടങ്ങി. വായ്പാ നടപടികൾ ലളിതമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകളാണ് ലക്ഷ്യം. വൻ വായ്പകൾ നൽകുന്നതിന് പ്രത്യേക ഏജൻസി രൂപികരിക്കും. ഇവയുടെ തിരിച്ചടവ് നിരീക്ഷിക്കുന്നതിനു പ്രത്യേക സംവിധാനം ഏർപ്പെടുത്തും. 250 കോടി രൂപയിലേറെയുള്ള വായ്പകൾ ഈ ഏജൻസിയുടെ ചുമതലയായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.