ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാവും ഉത്തർ പ്രദേശിലെ രാംപൂർ മണ്ഡലത്തിലെ ലോക്സഭാ എം.പിയുമായ അസം ഖാനെതിരെ വീണ്ടും നാല് കേസുകൾ രജിസ്റ്റർ ചെയ്തു. വഖ്ഫ് ബോർഡിന്റെ കൈവശമുള്ള 'യത്തീംഖാന ചേരി(ബസ്തി)'യുടെ ഭൂമി 2016ൽ അനധികൃതമായി കൈവശപ്പെടുത്തിയതിനാണ് അസം ഖാനെതിരെ ഇപ്പോൾ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ ചേരിയിൽ ഏകദേശം 50 വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. സർക്കിൾ ഓഫീസറായ ആലെ ഹസൻ, അസം ഖാന്റെ പി.ആർ.ഒ ഫസാഹത്ത് ഷാനു എന്നിവരുടെ പേരുകളും കേസുകളുടെ നാല് എഫ്.ഐ.ആറുകളിൽ പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ നിർമ്മിക്കാൻ എന്ന പേരിലാണ് അസം ഖാൻ ഈ ഭൂമി സ്വന്തമാക്കിയത്.
2016 ഒക്ടോബർ 15ന് തങ്ങളെ നിർബന്ധപൂർവം വീടുകളിൽ നിന്നും അസം ഖാൻ ഇറക്കിവിടാൻ ശ്രമിച്ചു എന്ന് ഇ ചേരിയിൽ താമസിക്കുന്ന ജനങ്ങൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തങ്ങളുടെ കന്നുകാലികളും വീട്ടുസാമാനങ്ങളും അസം ഖാന്റെ ഗുണ്ടകൾ കൊള്ളയടിച്ചതായും ഇവർ ആരോപിച്ചു. ഈ ഭൂമി തങ്ങൾക്ക് വഖ്ഫ് ബോർഡ് നൽകിയതായി കാണിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. 2016 ഇവിടെ ഉണ്ടായിരുന്ന ഇവരുടെ വീടുകൾ പൊളിച്ച് നീക്കിയിരുന്നു. സ്ഥലത്തും വീടുകളിലും അതിക്രമിച്ച് കയറിയതിനും നിരവധി വകുപ്പുകളാണ് അസം ഖാനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതുവരെ 77 കേസുകളാണ് അസം ഖാനെതിരെ നിലവിലുള്ളത്.