punjab-national-bank

കൊച്ചി : ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ലയന പ്രഖ്യാപനമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും 2017ൽ എസ്.ബി.ഐയിലും ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ഈവർഷം ഏപ്രിൽ ഒന്നിന് ബാങ്ക് ഒഫ് ബറോഡയിലും ലയിച്ചിരുന്നു. ലയനം ഉൾപ്പെടെ ബാങ്കിംഗ് രംഗത്തെ പരിഷ്‌കാരങ്ങൾ ഫലപ്രദമാണെന്നാണ് നിർ‌മ്മല സീതാരാമന്റെ നിലപാട്. നടപ്പുവർഷം 14 പൊതുമേഖലാ ബാങ്കുകളും ലാഭം കുറിച്ചു.

കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന നടപടികൾ നടപ്പാക്കി തുടങ്ങിയെന്നും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഭവന വായ്‌പകൾക്കും മറ്റുമായി 3300 അനുവദിച്ചതായും മന്ത്രി പറഞ്ഞു. 30,000 കോടി രൂപ ഉടൻ അനുവദിക്കും.

ലയനം ജനങ്ങളെ ബാധിക്കുന്നത്

ഉപഭോക്താവിന് ഇടപാടുകൾക്ക് വലിയൊരു ബാങ്കിംഗ് ശൃംഖല ലഭിക്കും. ലയിക്കുന്ന ബാങ്കുകളുടെ ഒരേ സ്ഥലത്തുള്ള ശാഖകളും എ.ടി.എമ്മുകളും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. ചെറിയ ബാങ്കുകൾ വലിയ ബാങ്കിൽ ലയിക്കുന്നതിനാൽ സേവനം മെച്ചപ്പെടും.

 ചെക്ക് ബുക്ക്

ലയിച്ചുണ്ടാകുന്ന പുതിയ ബാങ്കിന്റെ ചെക്ക് ബുക്ക് അനുവദിക്കും. അതുവരെ, നിശ്‌ചിത കാലത്തേക്ക് നിലവിലെ ചെക്ക് ബുക്ക് ഉപയോഗിക്കാം.

അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്

ലയനശേഷം ബാങ്കുകൾ അക്കൗണ്ട് നമ്പർ പരിഷ്‌കരിക്കാം. കസ്‌റ്റമർ ഐ.ഡിയും മാറും. ശാഖകളുടെ ലയനമോ മാറ്റി സ്ഥാപിക്കലോ പേരുമാറ്റമോ ഉണ്ടാകുമെന്നതിനാൽ ഐ.എഫ്.എസ്.സി കോഡും മാറും.

 ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്

നിലവിലുള്ള ഡെബിറ്ര് / ക്രെഡിറ്ര് കാർഡുകൾ മാറ്രി പുതിയത് ലഭിക്കും.

 പലിശനിരക്ക്

ഉപഭോക്താവിന് വായ്‌പാ / നിക്ഷേപ ഇടപാടുള്ള ബാങ്ക് മറ്റൊന്നിൽ ലയിച്ചാലും പഴയ പലിശനിരക്ക് തുടരും. പിന്നീട്, ബാങ്ക് എം.സി.എൽ.ആർ, നിക്ഷേപ പലിശ എന്നിവ പരിഷ്‌കരിക്കുമ്പോൾ മാത്രം പലിശയിൽ മാറ്റം വരും.

 എസ്.ഐ.പി മുഖേന മ്യൂച്വൽഫണ്ട് നിക്ഷേപം, വായ്‌പാ ഇ.എം.ഐ എന്നിവയ്ക്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ-ഡെബിറ്ര് ഉള്ളവർ പുതിയ രജിസ്‌ട്രേഷൻ ഫോം നൽകണം.

 ഓഹരി ഉടമകൾ

ബാങ്കുകളുടെ ഓഹരികൾ എടുത്തവർക്ക് ആശങ്ക. ഓഹരി പങ്കാളത്തിമുള്ള ബാങ്ക് മറ്റൊന്നിൽ ലയിക്കുമ്പോൾ ഓഹരിമൂല്യം കൂടാനും കുറയാനും സാദ്ധ്യതയുണ്ട്. മൂല്യം കുറഞ്ഞാൽ ഓഹരിയുടമയ്ക്ക് തിരിച്ചടിയാകും.


കിട്ടാക്കടം കുറഞ്ഞു, ലോൺ റിക്കവറി റെക്കാ‌ഡ്

കിട്ടാക്കടം1.06 ലക്ഷം കോടി രൂപ കുറഞ്ഞു. ഇതു റെക്കാഡാണ്.

 2018 ഡിസംബറിൽ 8.65 ലക്ഷം കോടിയായിരുന്നു കിട്ടാക്കടം.

2018 മാർച്ചിൽ ഇത് 7.9 ലക്ഷം കോടി രൂപയായി കുറഞ്ഞു.

ലോൺ റിക്കവറി റെക്കാഡിട്ടു -1.21ലക്ഷം കോടി കവിഞ്ഞു

മൂലധന സഹായം: 55,250 കോടി

പഞ്ചാബ് നാഷണൽ ബാങ്ക്: 16,000 കോടി

യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യ: 11,700 കോടി

ബാങ്ക് ഒാഫ് ബറോഡ: 7000 കോടി

കാനറാ ബാങ്ക്: 6500 കോടി

ഇന്ത്യൻ ബാങ്ക്: 2500 കോടി

ഇന്ത്യൻ ഒാവർസീസ് ബാങ്ക്: 3800 കോടി

സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ: 3300 കോടി

യൂക്കോ ബാങ്ക്: 2100 കോടി

യുണൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ: 1600 കോടി

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: 750 കോടി