ന്യൂഡൽഹി : കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ലോകരാജ്യങ്ങൾക്ക് വൻ ഭീഷണിയാകുമെന്ന് റിപ്പോർട്ട്. കാർബൺ ബഹിർഗമനവും ആഗോള താപനവും ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങൾക്ക് വൻനാശം വിതയ്ക്കുമന്ന് യു എൻ സമിതിയുടെ കരട് റിപ്പോർട്ടിൽ പറയുന്നു.
മത്സ്യ സമ്പത്തിന്റെ അനിയന്ത്രിതമായ നാശം, ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ വഴിയുള്ള നാശനഷ്ടങ്ങളുടെ വർദ്ധന, കരകളെ കടലെടുക്കുന്ന പ്രവണത ഇതെല്ലാം ഈ വിനാശത്തിന്റെ സൂചനകളാണെന്ന് ഇന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേയ്ഞ്ച് നടത്തിയ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഉത്തരാർദ്ധ ഗോളത്തിൽ സ്ഥിതിചെയ്യുന്ന ഹിമപാളി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 30 ശതമാനത്തോളം ഉരുകി തീരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോള താപനത്തെത്തുടര്‍ന്ന് ഹിമപാളികളുടെ ഉരുകൽ അനിയന്ത്രിതമായി വർദ്ധിച്ചത് സമുദ്ര നിരപ്പ് ഉയരുന്നതിനും കര കടലെടുക്കുന്നതിനും കാരണമാകുന്നു. ഭൂമിയിലെ രണ്ട് ഹിമപാളികളായ ഗ്രീൻലാൻഡിലും അന്റാർട്ടിക്കയിലും, ഒരു ദശാബ്ദത്തിനിടെ പ്രതിവർഷം 400 ബില്യൺ ടണ്ണാണ് ഉരുകിയത്. ഇത് 2100ൽ 100 ബില്യണിലേക്ക് കുറച്ചില്ലെങ്കിൽ മനുഷ്യരാശിക്ക് വൻനാശമാകും ഉണ്ടാകുകയെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.
സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ത്യയിലെ മൂന്ന് തീരനഗരങ്ങൾക്കും വൻഭീഷണി ഉയർത്തും. കൊച്ചി, മുംബയ്, ചെന്നൈ നഗരങ്ങൾ കടലിനടിയിലാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ചൈനയിൽ ഷാങ്ഹായി, നിങ്‌ബോ, തായ്‌ഷോ അടക്കം അരഡസൻ തീര നഗരങ്ങൾ ഭീഷണിയിലാണ്.
അമേരിക്കയിൽ മിയാമി, ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളും, യൂറോപ്പിൽ ആംസ്റ്റർഡാം, വെനീസ്, ഹാംബർഗം തുടങ്ങിയവയും സമുദ്രനിരപ്പ് ഉയരുന്നത് കാരണമുള്ള ഭീഷണി നേരിടുന്നവയാണ്. നിലവിലെ സാഹചര്യമനുസരിച്ച് 2050 ഓടെ താഴ്ന്നനിരപ്പിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളും ചെറിയ ദ്വീപുകളുമെല്ലാം മുങ്ങിപ്പോകാൻ സാദ്ധ്യതയുണ്ട്.