ന്യൂഡൽഹി: സാമ്പത്തിക സ്ഥിതി ഒട്ടും ഭദ്രമല്ലെന്ന ശക്തമായ സൂചന നൽകി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന ( ജി.ഡി.പി ) വളർച്ച നടപ്പു സാമ്പത്തിക വർഷത്തെ ( 2019-20 ) ആദ്യ പാദമായ ഏപ്രിൽ - ജൂണിൽ അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തി.
2013-14 ഏപ്രിൽ - ജൂണിലെ 4.9 ശതമാനത്തിന് ശേഷം കുറിക്കുന്ന ഏറ്റവും മോശം വളർച്ചയാണിത്.
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനവും ഇന്ത്യയ്ക്ക് നഷ്‌ടപ്പെട്ടു. ചൈന 6.2 ശതമാനം വളർച്ച ഇതേ പാദത്തിൽ നേടിയിരുന്നു. ജി.ഡി.പിയുടെ നട്ടെല്ലായ ഉൽപ്പാദനം, കൃഷി, ഖനനം, നിർമ്മാണം, വ്യാപാരം, സാമ്പത്തികം എന്നീ മേഖലകളുടെ തളർച്ചയാണ് തിരിച്ചടിയായത്. 2018-19ലെ അവസാന പാദമായ ജനുവരി - മാർച്ചിൽ ജി.ഡി.പി വളർച്ച അഞ്ചുവർഷത്തെ താഴ്‌ചയായ 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.