കൊച്ചി: സമ്പദ്‌രംഗത്തെ സർവമേഖലയെയും തകർത്തെറിഞ്ഞാണ് ഇന്ത്യൻ ജി.ഡി.പി നടപ്പു സാമ്പത്തിക വർഷത്തെ (2019-20) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഏഴുവർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്.
മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) നട്ടെല്ലായ മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച 2018-19 ഏപ്രിൽ-ജൂണിലെ 12.1 ശതമാനത്തിൽ നിന്ന് 0.6 ശതമാനത്തിലേക്ക് തകർന്നടിഞ്ഞു. തൊട്ടു മുമ്പത്തെ പാദത്തിൽ (2018-19 ജനുവരി-മാർച്ച്) മാനുഫാക്‌ചറിംഗ് വളർച്ച 3.1 ശതമാനമായിരുന്നു. കാർഷിക വളർച്ച 5.1 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിലേക്കും ഇടിഞ്ഞു. ഖനന വളർച്ച പാദാടിസ്ഥാനത്തിൽ 4.2 ശതമാനത്തിൽ നിന്ന് 2.7 ശതമാനത്തിലേക്കും നിർമ്മാണ മേഖലയുടെ വളർച്ച 9.6 ശതമാനത്തിൽ നിന്ന് 5.7 ശതമാനത്തിലേക്കും കൂപ്പുകുത്തി.
വ്യാപാരം - ഹോട്ടൽ മേഖലയുടെ വളർച്ച 7.1 ശതമാനമാണ്. മുൻവർഷത്തെ സമാന പാദത്തിൽ വളർച്ച 7.8 ശതമാനവും ജനുവരി - മാർച്ചിൽ ആറു ശതമാനവുമായിരുന്നു. ധനകാര്യ - റിയൽ എസ്‌റ്രേറ്ര് മേഖലയുടെ വളർച്ച 6.5 ശതമാനത്തിൽ നിന്ന് 5.9 ശതമാനത്തിലേക്കും പബ്ളിക് അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഡിഫൻസ് വളർച്ച പാദാടിസ്ഥാനത്തിൽ 10.7 ശതമാനത്തിൽ നിന്ന് 8.5 ശതമാനത്തിലേക്കും കുറഞ്ഞു. 6.7 ശതമാനത്തിൽ നിന്ന് 8.6 ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തി വൈദ്യുതി ഉത്‌പാദന മേഖല മാത്രമാണ് കഴിഞ്ഞ പാദത്തിൽ തിളങ്ങിയത്.
ജി.ഡി.പി വളർച്ച നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളായ വാഹന വില്‌പന, ട്രെയിൻ ചരക്കു ഗതാഗതം, ആഭ്യന്തര വിമാന ടിക്കറ്റ് വില്‌പന, ഇറക്കുമതി, സ്വകാര്യ ഉപഭോഗം എന്നീ മേഖലകളെല്ലാം ഏപ്രിൽ-ജൂണിൽ നിരാശപ്പെടുത്തിയത് കനത്ത തിരിച്ചടിയായി. വാഹന വില്‌പന ജൂലായിൽ മാത്രം 31 ശതമാനമാണ് ഇടിഞ്ഞത്. 19 വർഷത്തെ ഏറ്രവും മോശം വില്‌പനക്കണക്കാണിത്. വിലക്കയറ്റ നിർണയ സൂചികയായ നാണയപ്പെരുപ്പം കുത്തനെ കുറഞ്ഞു നിന്നിട്ടും ഉപഭോക്തൃ വിപണി മാന്ദ്യത്തിലായതും ജി.ഡി.പിയെ താഴേക്ക് നയിച്ചു.
5%
നടപ്പുവർഷം ഏപ്രിൽ - ജൂണിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 5%. ഏഴുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചയാണിത്. 2013-14 ഏപ്രിൽ-ജൂണിൽ 4.9 ശതമാനമായിരുന്നു വളർച്ച.
തളരുന്ന ജി.ഡി.പി
2018-19
ഏപ്രിൽ - ജൂൺ : 8%
ജൂലായ് - സെപ്‌തം : 7%
ഒക്‌ടോ - ഡിസം : 6.6%
ജനുവരി-മാർച്ച് : 5.8%
2019-20
ഏപ്രിൽ-ജൂൺ : 5%
തളർന്ന പ്രധാന
മേഖലകൾ
മാനുഫാക്‌ചറിംഗ്
കാർഷികം
നിർമ്മാണം
ഖനനം
തൊഴിലില്ലായ്‌മ
നിരക്ക് കുതിച്ചു
തൊഴിലില്ലായ്‌മ നിരക്ക് അരനൂറ്റാണ്ടത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നതും കേന്ദ്രസർക്കാരിന് വലിയ തിരിച്ചടിയായി. മുൻവർഷത്തെ സമാന പാദത്തിലെ 5.66 ശതമാനത്തിൽ നിന്ന് 7.5 ശതമാനത്തിലേക്കാണ് ഇക്കുറി ഏപ്രിൽ - ജൂണിൽ തൊഴിലില്ലായ്‌മ കൂടിയത്. 2017-18ൽ 6.1 ശതമാനമായിരുന്നു തൊഴിലില്ലായ്‌മ നിരക്ക്. 45 വർഷത്തെ ഉയർന്ന നിരക്കാണിത്.
₹33.48 ലക്ഷം കോടി
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ജി.വി.എ മൂല്യം (ഗ്രോസ് വാല്യു ആഡഡ്) ഏപ്രിൽ-ജൂണിൽ 33.48 ലക്ഷം കോടി രൂപയാണ്. നേരത്തേ ഇത് 31.90 ലക്ഷം കോടി രൂപയായിരുന്നു.
തിളക്കമില്ലാതെ ഇന്ത്യ
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം തുടർച്ചയായ രണ്ടാംപാദത്തിലും ഇന്ത്യയ്ക്ക് നഷ്‌ടപ്പെട്ടു. 2019 ജനുവരി-മാർച്ചിൽ 5.8 ശതമാനവും ഏപ്രിൽ - ജൂണിൽ 5 ശതമാനവുമാണ് ഇന്ത്യൻ വളർച്ച. ചൈന യഥാക്രമം 6.4 ശതമാനവും 6.2 ശതമാനവും വളർന്നിരുന്നു.