ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു. മോദിയുടെ വിശ്വസ്തനും 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആയതുമുതൽ അദ്ദേഹത്തിന്റെ ടീം അംഗവുമായിരുന്നു മിശ്ര.
പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം രണ്ടാഴ്ചകൂടി പ്രിൻസിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.. അതിനുശേഷം പി.കെ.സിൻഹ മിശ്രയുടെ പിൻഗാമിയായി എത്തും.
നൃപേന്ദ്ര മിശ്ര മികച്ച ഓഫീസറായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മിശ്ര ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
യു.പി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ മിശ്ര മുമ്പ് ട്രായ് ചെയർപേഴ്‌സണായും ടെലികോം സെക്രട്ടറിയായും ഫെർട്ടിലൈസേഴ്‌സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചുവന്നത്. പ്രധാനമന്ത്രി മോദി രണ്ടാം തവണയും അധികാരത്തിൽ വന്നതോടെയാണ് മിശ്ര അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്.