vidya-balan

വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് ബോളിവുഡ് താരം വിദ്യാബാലൻ. നിർമ്മാതാവായ സിദ്ധാർത്ഥ കപൂറാണ് വിദ്യയുടെ ഭർത്താവ്. വിവാഹശേഷം സിദ്ധാർത്ഥിന്റെ സിനിമയിൽ വിദ്യാ ബാലൻ അഭിനയിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഭർത്താവിന്റെ സിനിമകളിൽ അഭിനയിക്കാത്തതെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

സാധാരണഗതിയിൽ ഏതെങ്കിലും നിർമാതാവുമായിട്ടോ സംവിധായകനുമായിട്ടോ പ്രശ്നങ്ങളുണ്ടായാൽ വഴക്കിനൊന്നും പോകാതെ ആ സിനിമ ഉപേക്ഷിക്കാറാണ് വിദ്യയുടെ പതിവ്. എന്നാൽ ഭർത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നതെങ്കിൽ അങ്ങനെ വഴക്കിടാതിരിക്കാനാകില്ല എന്നാണ് വിദ്യ പറയുന്നത്.

'സിദ്ധാർത്ഥ് എന്റേതാണല്ലോ എന്ന ചിന്തകാരണം ശക്തമായി ഞാൻ വാദിക്കും. അവസാനം അതൊരു വലിയ വഴക്കിൽ അവസാനിക്കും. അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് സിദ്ദാർഥിന്റെ സിനിമയിൽ അഭിനയിക്കാത്തതെന്ന് വിദ്യ വിശദീകരിച്ചു.

ഭർത്താവിനൊപ്പം ജോലി ചെയ്യാത്തതിന്റെ മ​റ്റൊരു കാരണം പ്രതിഫലമാണെന്നും വിദ്യ തുറന്നുപറഞ്ഞു. 'ഭാര്യയല്ലേയെന്ന് കരുതി ഞാൻ സാധാരണഗതിയിൽ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം സിദ്ധാർത്ഥ് തരണമെന്നില്ല. അത് എന്റെ മൂല്യം കുറച്ചുകാണുന്നതിന് തുല്യമാണ്. ഇത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും' നടി വ്യക്തമാക്കി.

വിവാഹത്തിന്റെ സുരക്ഷിതത്വത്തിനും പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി കൂടിയാണ് സിദ്ധാർത്ഥിനൊപ്പം ജോലി ചെയ്യാത്തതെന്നും വിദ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു. രണ്ട് പേർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തിരക്കഥകൾ വന്നിട്ടുണ്ടെങ്കിലും ജോലിയും കുടുംബവും രണ്ടായി വെയ്ക്കുന്നതാകും നല്ലതെന്ന് തോന്നിയതുകൊണ്ട് ഉപേക്ഷിക്കുകയായിരുന്നു വിദ്യ പറഞ്ഞു.