ന്യൂഡൽഹി:ബി.ജെ.പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്ന് കാണാതായ നിയമ വിദ്യാർത്ഥിനിയെ ആറ് ദിവസത്തിന് ശേഷം രാജസ്ഥാനിൽ ആൺ സുഹൃത്തിനൊപ്പം കണ്ടെത്തി. സുപ്രീംകോടതി കേസെടുത്തതിന് പിന്നാലെയാണ് യുവതിയെ കണ്ടെത്തിയതായി യു.പി പൊലീസ് അറിയിച്ചത്. ജസ്റ്റിസ്‌മാരായ ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടതു പ്രകാരം ഇന്നലെ സന്ധ്യയ്‌ക്ക് ആറരയോടെ യുവതിയെ സുപ്രീംകോടതിയിൽ ഹാജരാക്കി.
ജസ്റ്റിസ് ഭാനുമതിയുടെ ചേംബറിൽ 45 മിനിറ്റോളം യുവതിയുമായി ജഡ്‌ജിമാർ സംസാരിച്ചു. ജീവന് ഭീഷണിയുള്ളതിനാൽ യുവതിയെ ഡൽഹിയിലെ ഷെൽറ്റർ ഹോമിൽ താമസിപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. യു. പിയിലേക്ക് പോകാൻ വിസമ്മതിച്ച യുവതി ആവശ്യപ്പെട്ടതനുസരിച്ച് മാതാപിതാക്കളെ ഡൽഹിയിലെത്തിക്കാനും കോടതി നിർദ്ദേശിച്ചു.
ഇന്നലെ വൈകിട്ട് തുറന്ന കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ യുവതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. അപ്പോൾ പൊലീസ് യുവതിയെ യു. പിയിലെ ഷാജഹാൻപൂരിലേക്ക് കൊണ്ടു പോകും വഴി ഫത്തേപൂർ സിക്രിയിൽ എത്തിയിരുന്നു. ആദ്യം കോടതിയിൽ എത്തിക്കാനായിരുന്നു ബെഞ്ചിന്റെ ഉത്തരവ്. തുടർന്ന് വീഡിയോ കോളിലൂടെ യുവതിയുമായി സംസാരിച്ചു. കോടതിസമയം കഴിഞ്ഞിട്ടും യുവതി എത്തുന്നതുവരെ ജഡ്‌ജിമാർ കാത്തിരുന്നു. വൈകിട്ട് 6.35ന് എത്തിയ യുവതിയുമായി ചർച്ചയ്‌ക്ക് ശേഷം ഏഴരയ്‌ക്ക് കോടതി കൂടിയാണ് തീരുമാനങ്ങൾ എടുത്തത്.
സുപ്രീംകോടതി നിർദ്ദേശപ്രകാരം യു.പി പൊലീസ് യുവതിയുടെ കുടുംബവുമായി ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നും നാളെയും കോടതി അവധിയായതിനാൽ തിങ്കളാഴ്ച മാതാപിതാക്കൾക്കൊപ്പം യുവതിയെ കോടതിയിൽ ഹാജരാക്കും.
ആഗസ്റ്റ് 23ന് ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവതിയെ കാണാതാവുകയായിരുന്നു. ചിന്മയാനന്ദ് ഒരുപാട് പെൺകുട്ടികളുടെ ജീവിതം തകർത്തെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വീഡിയോയിൽ ആരോപിച്ചു. തുടർന്ന് ചിന്മയാനന്ദ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പിതാവ് പരാതി നൽകുകയായിരുന്നു.മൂന്ന് ദിവസത്തിന് ശേഷം ചിന്മയാനന്ദിനെതിരെ പൊലീസ് കേസെടുത്തെങ്കിലും ചോദ്യം ചെയ്തില്ല.
യുവതി പഠിക്കുന്ന കോളേജിന്റെ തലവനാണ് ചിന്മയാനന്ദ്. ഇത് മറ്റൊരു ഉന്നാവോ കേസാകുമോ എന്ന ആശങ്ക അഭിഭാഷകർ പ്രകടിപ്പിച്ചതോടെ സുപ്രീംകോടതി ഇടപെടുകയായിരുന്നു. കോടികളുടെ ആസ്തിയുള്ള 72കാരനായ ചിന്മയാനന്ദിന് ഷാജഹാൻപൂരിൽ ആശ്രമവും അഞ്ച് കോളേജുകളുമുണ്ട്.