ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന് പിന്നാലെ വീട്ടുതടങ്കലിലാക്കപ്പെട്ട പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കാശ്മീരിലെ മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
ആഴ്ചകളായി വീട്ടുതടങ്കലിലാണെങ്കിലും യെച്ചൂരിയോട് ചിരിച്ചു സംസാരിക്കുന്ന തരിഗാമിയെ ചിത്രങ്ങളിൽ കാണാം. ഇരുവരും വളരെ സ്നേഹത്തോടെയാണ് അടുത്തിടപഴകിയത്. സുപ്രീം കോടതിയുടെ അനുമതിയുടെ അടിസ്ഥാനത്തിൽ തരിഗാമിയെക്കാണാൻ കഴിഞ്ഞ ദിവസമെത്തിയ യെച്ചൂരി ഒരുദിവസം ഒന്നിച്ചു താമസിച്ച ശേഷം ഇന്നലെ ഡൽഹിയിൽ മടങ്ങിയെത്തി. ഒരു ദിവസം തരിഗാമയുടെ വീട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്ന യെച്ചൂരിയുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഗുപ്കാര്‍ റോഡിലുള്ള തരിഗാമിയുടെ വീടിന് സമീപമെത്താന്‍ കഴിയാത്ത വിധം പൊലീസ് തടഞ്ഞിരുന്നു. പ്രദേശത്ത് മുള്ളുവേലി കെട്ടി ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു. തരിഗാമിയുടെ ആരോഗ്യനില അടക്കമുള്ള കാര്യങ്ങളില്‍ യെച്ചൂരി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകും.