ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തിനെ വിമർശിച്ച് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. കേരളത്തിന് ദുരിതാശ്വാസ പാക്കേജ് അനുവദിക്കാത്തത് നീതികേടാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു.
ഗുരുവായൂർ ക്ഷേത്രസന്ദർശനം അനുസ്മരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ ട്വീറ്റിന് മറുപടിയായാണ് രാഹുലിന്റെ വിമർശനം.
'പ്രിയപ്പെട്ട മോദി, താങ്കൾ ഗുരുവായൂർ സന്ദർശിച്ചതിന് പിന്നാലെ കേരളത്തിൽ കടുത്ത പ്രളയവും എത്തിയിരുന്നു. പ്രളയം നിരവധി ജീവനുകളും അപഹരിച്ചു. ആ സമയത്ത് താങ്കൾ കേരളം സന്ദർശിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു. ദുരിതത്തിൽ നിന്ന് കരകയറിയിട്ടില്ലാത്ത കേരളം ദുരിതാശ്വാസ പാക്കേജിനായി കാത്തിരിക്കുകയാണ്. പ്രളയം നാശംവിതച്ച മാറ്റുസംസ്ഥാനങ്ങൾക്ക് അനുവദിച്ച പാക്കേജ് കേരളത്തിന് നിഷേധിക്കുന്നത് നീതിരാഹിത്യമാണെന്നും രാഹുൽ പറഞ്ഞു.
കേരളം തനിക്ക് പ്രിയപ്പെട്ടതാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. കേരളം സന്ദർശിക്കാൻ നിരവധി അവസരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട്. വലിയ ഉത്തരവാദിത്വം ജനങ്ങൾ വീണ്ടും തന്നെ ഏൽപ്പിച്ചതിന് പിന്നാലെ ആദ്യം ചെയ്തത് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുക എന്നതായിരുന്നുവെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.