india-a

തിരുവനന്തപുരം: ഇന്ത്യ, ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കും.രാവിലെ 9 മുതലാണ് മത്സരം. രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം ആദ്യ മത്സരത്തിൽ 69 റൺസിന്റെ ജയം നേടി പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. അ‌ഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ബാറ്രിംഗിലും ബൗളിംഗിലും പ്രതീക്ഷക്കൊത്ത പ്രകടനമാണ് ഇന്ത്യൻ ടീം ആദ്യ മത്സരത്തിൽ പുറത്തെടുത്തത്. സീനിയർ ടീമിലേക്കുള്ള അവസരം കാത്തിരിക്കുന്ന താരങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ ടീം ഇന്ന് വിജയം തുടരാമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്നുള്ള തിരിച്ചുവരവാണ് മറുവശത്ത് ദക്ഷിണാഫ്രിക്ക സ്വപ്നം കാണുന്നത്. ഇന്നലെ രണ്ട് ടീമും പരിശീലനത്തിന് സ്റ്രേഡിയത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി.

മത്സരം കാണുന്നതിനുള്ള പ്രവേശനം സൗജന്യമാണ്.

വിജയ്‌ക്ക് പകരം ധവാൻ

പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ വിജയ് ശങ്കറിന് പകരം ശിഖർ ധവാനെ ഉൾപ്പെടുത്തി. കൈവിരലിനേറ്ര പരിക്കിനെ തുടർന്നാണ് വിജയ്‌യെ ഒഴിവാക്കിയത്. മോശം ഫോം തുടരുന്ന ധവാന് ബാറ്രിംഗിൽ താളം കണ്ടെത്താനുള്ള മികച്ച അവസരമാണിത്.