പേരാമ്പ്ര : പേരാമ്പ്ര സിൽവർ കോളേജിൽ പാകിസ്ഥാൻ പതാക ഉയർത്തിയെന്ന ആരോപണം വിവാദമായ പശ്ചാത്തലത്തിൽ പേരാമ്പ്ര സി. ഐ ബിജു അന്വേഷണം നടത്തി കണ്ടാലറിയാവുന്ന മുപ്പത് പേർക്കെതിരെ കേസെടുത്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പതാകയാണ് വിവാദമായത്. സംഭവത്തിൽ പരക്കെ പ്രതിഷേധമുയർന്നു .
പൊലീസിന്റെ നിർദ്ദേശപ്രകാരം പതാക സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസ് വിഭാഗവും കോളേജിലെത്തി അന്വേഷണം നടത്തി. തെരഞ്ഞെടുപ്പു ജാഥയിൽ ഉയർത്തിയ എം.എസ്.എഫിന്റെ പതാക തലതിരിച്ച് പിടിച്ചതാണ് സംഭവത്തിന്റെ കാരണമെന്നാണ് കോളേജ് ഗവേണിംഗ് ബോർഡ് ചെയർമാൻ എ.കെ. തറുവായി ഹാജി പറഞ്ഞത് .

വ്യാഴാഴ്ചയാണ് കുട്ടികൾ ജാഥ നടത്തിയത്. ഇന്നലെ കോളേജിന് ഒഴിവായിരുന്നതിനാൽ തിങ്കളാഴ്ച പ്രിൻസിപ്പൽ സ്റ്റാഫ് മാനേജിംഗ് കമ്മിറ്റി എന്നിവർ ഒന്നിച്ച് കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. എസ്. യു, എം എസ്. എഫ് പ്രകടനത്തിനിടെ പാകിസ്ഥാൻ പതാക ഉയർത്തിയതിൽ പ്രതിഷേധിച്ച് ബി. ജെ. പി പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തി. പാകിസ്ഥാൻ പതാക പിടിച്ച് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ് പുറം ലോകം അറിഞ്ഞതും പ്രതിഷേധം കനത്തതും.

കുറെക്കാലമായി യു. ഡി. എസ്. എഫ് കുത്തകയാക്കി വച്ചിരിക്കുന്ന കോളേജിൽ തിവ്രവാദികൾ നുഴഞ്ഞു കയറിയെന്ന് ബി. ജെ. പി ആരോപിച്ചു.

മാർച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റി മെമ്പർ എം. മോഹനനൻ ഉദ്ഘാടനം ചെയ്തു. സംഭവത്തെ കുറിച്ച് എൻ. ഐ. എ അന്വേഷിക്കണമെന്നും മനേജ്‌മെന്റിനെ പ്രതി ചേർക്കണമെന്നും സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പി. മോഹനൻ ആവശ്യപ്പെട്ടു.