പക്ഷേ (കഥ)
അവൾ ഫോണിലൂടെ പറഞ്ഞുതന്ന അടയാളങ്ങൾ വച്ച് ആ വീട് കണ്ടുപിടിച്ചപ്പോൾ എവറസ്റ്റിൽ കാലുകുത്തിയ ജേതാവിന്റെ ഭാവമായിരുന്നു അയാൾക്ക്. ഗേറ്റിനു മുന്നിൽ സ്വർണനിറത്തിൽ എഴുതിവച്ചിരിക്കുന്ന വീട്ടുപേര് ഒന്നുകൂടി വായിച്ച് ഉറപ്പുവരുത്തി. 'ശ്രുതിലയം", സാവധാനം ഗേറ്റിന്റെ കുറ്റിയെടുത്ത് പരിചിതനെപ്പോലെ അകത്തേക്ക് കടന്നപ്പോൾ മനസിൽ ഒരായിരം വർണത്തുമ്പികൾ പറന്നു.
ആദ്യമായി ശ്രീലതയെ കാണുകയാണ്. ഇതിനുമുമ്പ് നേരിട്ട് കണ്ടിട്ടേയില്ല. ഫേസ് ബുക്കിലെ ചിത്രങ്ങളിലൂടെയും മെസേജുകളിലൂടെയും ഉള്ള പരിചയം മാത്രം.
കോളിംഗ് ബെല്ലടിച്ച് കാത്തുനിന്നു. അല്പസമയം കഴിഞ്ഞ് വാതിൽ തുറന്ന് നിറപുഞ്ചിരിയോടെ ഒരു സ്വർണവിഗ്രഹം പോലെ ശ്രീലത മുന്നിൽ നിന്നു. ആദ്യത്തെ രണ്ടുമിനിട്ട് അവർക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
കണ്ണുകൾ കൊണ്ട് അയാൾ അവളേയും അവൾ തിരിച്ചും ആസ്വദിക്കുകയായിരുന്നു.
''വീടു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ...? ""
ആ നിശബ്ദതയെ ശ്രീലത തന്നെ ഭഞ്ജിച്ചു.
''ഇല്ല...കറക്ട് അടയാളങ്ങളായിരുന്നു. ഒന്നും തെറ്റിയില്ല...""
അയാൾ പറഞ്ഞു.
''ഇരിക്കൂ...""
''ഞാൻ പലപ്പോഴും മുഖപുസ്തകത്തിലൂടെ പറയാറുള്ളത് ആവർത്തിക്കുന്നു. ഡോണ്ട് ബി ഫോർമൽ ശ്രീലതാ... എനിക്കതിഷ്ടമേയല്ല. ഔപചാരികത രണ്ടു വ്യക്തികൾ തമ്മിലുള്ള അകലം കൂട്ടുന്നു.""
''ചായയെടുക്കട്ടെ...""
''ദാ...പിന്നെയും ഫോർമാലിറ്റി...""
ശ്രീലത അടുക്കളയിലേക്ക് പോകുമ്പോൾ അയാളുടെ മനസിലെ മഴവില്ലുകൾ ഒരിക്കൽക്കൂടി ഏഴു നിറങ്ങളിൽ തെളിഞ്ഞു.
സൗഹൃദത്തിന്റെ ഓർമ്മകൾക്ക് എന്തു മധുരമാണ്. മൊബൈൽ ഫോണിലെ ഒരു ക്ലിക്കിൽ നിന്നാണ് ശ്രീലത തന്റെ മനസിലേക്കും പിന്നെ അദൃശ്യസാന്നിദ്ധ്യമായി ജീവിതത്തിലേക്കും കടന്നുവന്നത്. അവളെ പരിചയപ്പെട്ട ദിവസം ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ല. കൃത്യമായി പറഞ്ഞാൽ ഒരു മാസവും പത്തുദിവസവുമാകുന്നു.
ഇതിനിടയിൽ എത്രയെത്ര സന്ദേശങ്ങൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ, അന്വേഷണങ്ങൾ...അതൊരു പ്രണയമായി വഴിമാറിയിട്ടുണ്ടോയെന്ന് അയാൾക്ക് സംശയം തോന്നി.
താൻ പോലുമറിയാതെ മനസിൽ കടന്ന് അവൾ എപ്പോഴും നിറഞ്ഞുനിൽക്കുന്നു. ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം ഇപ്പോൾ ശ്രീലതയുടെ മുഖം മനസിൽ കണ്ടുകൊണ്ടാണ്. എവിടെയായാലും എല്ലായ്പ്പോഴും അവളുടെ ഒരു വിളിക്ക് ഒരു മെസേജിന് താൻ ആഗ്രഹിക്കാറുണ്ടെന്ന സത്യം അയാൾ ഒരുൾപുളകത്തോടെ ഓർത്തു. ഇന്ന് വീട്ടിൽ വരാനുള്ള മെസേജ് കിട്ടിയപ്പോൾ ആദ്യം വിശ്വസിക്കാൻ തോന്നിയില്ല. അവളങ്ങനെയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്ത്, പറഞ്ഞ്...അമ്പരപ്പിക്കും. ആർക്കും പിടികൊടുക്കാതെ വഴുതിമാറുന്ന ഒരു പ്രത്യേക സ്വഭാവം.
മകൻ പഠിക്കാൻ പോയിട്ടുണ്ടാവും. അതാണല്ലോ ധൈര്യമായി ഇന്നിവിടെ വരാൻ പറഞ്ഞത്. ഭർത്താവ് ഗൾഫിലാണെന്ന് ആദ്യമേ മനസിലാക്കിയിരുന്നു. അടുത്തു താമസിക്കുന്ന ബന്ധുവായ മാമൻ ഇന്ന് മറ്റൊരിടത്തേക്ക് പോകുമെന്നും ഇന്നലെ മെസേജ് അയച്ചിരുന്നു. എല്ലാംകൊണ്ടും പ്രണയം വിരിഞ്ഞ് സുഗന്ധം പരത്താൻ പറ്റിയ അന്തരീക്ഷം.
അയാൾ എന്തിനോ വേണ്ടി മനസിൽ തയ്യാറെടുക്കുകയായിരുന്നു.
ശ്രീലത ചായയുമായി സോഫയിൽ അയാൾക്ക് തൊട്ടരികിലായി വന്നിരുന്നു.
അയാളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗം കൂടിവന്നു. ചായകപ്പ് വാങ്ങുമ്പോൾ കൈകൾക്ക് നേരിയ വിറയൽ ബാധിച്ചിരുന്നു.
''മെസഞ്ചറിൽ നീളൻ ഡയലോഗുകൾ കാച്ചുന്നയാൾക്ക് ഇപ്പോഴെന്താ ഒരു മൗനം...""
അയാൾ ചോദിച്ചു
''ഹേയ്...ഒന്നുമില്ല...""
അയാൾ വിക്കി വിക്കി പറഞ്ഞു.
''എനിക്കത് മനസിലാകും. ജസ്റ്റ് റിലാക്സ്...""
അതും പറഞ്ഞ് അയാളുടെ കവിളുകളിൽ നുള്ളി അവൾ വീണ്ടും അകത്തേക്ക് പോയി. ഹാളിൽ വച്ചിരിക്കുന്ന സ്ക്രീനിൽ കണ്ണുകൾ ഉറയ്ക്കുന്നില്ല. അയാൾ എഴുന്നേറ്റു. അവൾ പോയ മുറിയിലേക്ക് നടന്നു.
ശ്രീലത ചുവരലമാരയിലെ കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കിനിൽക്കുകയായിരുന്നു. അയാൾ അവളുടെ തോളിൽ കൈവച്ചു. പിന്നെ നെഞ്ചോട് ചേർത്ത് ചുണ്ടുകളിൽ ചുണ്ടമർത്തി. ഒരാശ്ലേഷത്തിൽ അവർ എല്ലാം മറന്നു. അയാൾ കണ്ണടച്ച് അവളുടെ ചെവിയിൽ പറഞ്ഞു.
''ശ്രീലതേ...""
''എന്നെ മറക്ക്വോ...""
അവളെ അതു പൂർത്തിയാക്കാൻ അനുവദിക്കാതെ അയാൾ പറഞ്ഞുകൊണ്ടിരുന്നു.
''ഇല്ല...ഇല്ല...ഇല്ല...""
പെട്ടെന്ന് അയാളുടെ ഫോൺ ബെല്ലടിച്ചു. അയാൾ ഞെട്ടിപ്പിടഞ്ഞ് ഫോൺ പോക്കറ്റിൽ നിന്നും തപ്പിയെടുത്തു.
''മഹേഷേട്ടാ...തിരക്കിലാണോ... ഒരു കാര്യം പറയാൻ...""
''ഞാനിവിടെ ഒരു അർജന്റ് മീറ്റിംഗിലാ... എങ്കിലും പറഞ്ഞോ...""
ശ്രീലതയ്ക്ക് അതുകേട്ട് ചിരി പൊട്ടി.
അവളത് ബദ്ധപ്പെട്ട് ഒതുക്കി.
''മഹേഷേട്ടാ...ഉച്ചയ്ക്ക് വര്വോ...എനിക്കൊരാവശ്യമുണ്ട്.""
''നിന്റെ അത്യാവശ്യമൊക്കെ എനിക്കറിയാം. ഞാൻ വൈകുന്നേരമേ എത്തൂ...എനിക്കിവിടെ നല്ല ജോലിത്തിരക്കുണ്ട്.""
അയാൾ വീണ്ടും ശ്രീലതയെ ചേർത്തുപിടിച്ചു. സ്വർണമുടിയിഴകളിലൂടെ വിരലോടിച്ചു.
എന്നിട്ട് അവളോട് പറഞ്ഞു.
''എന്റെ ഭാര്യയാ...ഒരു പൊട്ടിയാ...ഞാനെന്തു പറഞ്ഞാലും വിശ്വസിക്കും.""
അവർ വീണ്ടും വികാരങ്ങളുടെ കോണിപ്പടികൾ കയറുകയും ഇറങ്ങുകയും ചെയ്തു.
''ഉറപ്പായി...ഇനി മഹേഷേട്ടൻ വൈകിട്ടേ എത്തൂ...""
വൃന്ദ അരുണിന്റെ ചെവിയിൽ പറഞ്ഞിട്ട് അവന്റെ തോളിൽ തല ചായ്ച്ചു.
ഫാനിന്റെ കറക്കത്തിൽ അവളുടെ മുടിയിഴകൾ അവന്റെ മുഖത്ത് ഉരസി പറന്നു.അവൻ അത് ഒരു വശത്തേക്ക് മാടിയൊതുക്കി അവളുടെ പിൻകഴുത്തിൽ ചുംബിച്ചു.
പ്രണയത്താൽ കൂമ്പിയ കണ്ണുകൾ കൊണ്ട് അവനെ നോക്കി അവൾ പറഞ്ഞു.
''മഹേഷേട്ടൻ ഒരു പാവമാ...ഓഫീസ്, ജോലി, വീട്, ഭാര്യ, കുട്ടികൾ ഈ സർക്കിളിൽ കറങ്ങുന്ന ഒരു വിചിത്ര ജന്മം... ഞാനെന്നുവച്ചാൽ ജീവനാ...എന്നെക്കഴിഞ്ഞേയുള്ളൂ മറ്റെന്തും...""
''പെൺവിഷയത്തിലെങ്ങനെ...""
അവളുടെ മനസറിയാൻ വേണ്ടി അരുൺ വെറുതേ ചോദിച്ചു
''കൊള്ളാം...ഏതെങ്കിലും പെണ്ണുങ്ങളുടെ മുഖത്ത് നോക്കിയിട്ടു വേണ്ടേ...നീ ഭാഗ്യവതിയാണ്...""
അരുൺ അവളുടെ ചെവിയിൽ പറഞ്ഞു.
''അരുണിന്റെ കല്യാണം വരെയല്ലേ ഈ ബന്ധം തുടരാൻ കഴിയൂ...പിന്നെ അരുൺ ഇതെല്ലാം മറക്കില്ലേ...""
വൃന്ദ ചോദിച്ചു
''ഇല്ല പൊന്നേ... ലോകാവസാനം വരെ ഞാനീബന്ധം തുടരും... അത്രയ്ക്ക് ജീവനാണ് എനിക്ക് വൃന്ദയെ...""
ഒരു ആശ്ലേഷത്തിന്റെ മൂർദ്ധന്യത്തിൽ വൃന്ദ അവന്റെ ഷർട്ടിന്റെ ബട്ടണുകൾ ഒന്നൊന്നായി അഴിക്കാൻ തുടങ്ങി.
അവസാന ബട്ടണിൽ എത്തിയതും അരുണിന്റെ ഫോൺ ബെല്ലടിച്ചു. അതവന്റെ നവവധുവായിരുന്നു. വിവാഹത്തിന് ഇനി ഒരാഴ്ചയേയുള്ളൂ. അവൻ ശ്വാസം പിടിച്ച് ഫോൺ ചെവിയോടടുപ്പിച്ചു.
''എവിടെയാ അരുൺ...ഓഫീസിലാണോ...""
''അതേ.. .ഞാനെനിക്കുവന്ന ചില അർജന്റ് മെയിലുകൾ വായിച്ചുകൊണ്ടിരിക്കുവാ...""
''ശരി ഓക്കെ...ജോലി നടക്കട്ടെ...ഇനി വൈകിട്ട് ഓഫീസ് തിരക്കൊക്കെ കഴിഞ്ഞ് എന്നെ വിളിച്ചാൽ മതി...ഞാനും അല്പം തിരക്കിലാ... ""
അരുൺ ഞെട്ടി.. ബട്ടണുകൾ പെട്ടെന്ന് നേരെയിട്ട് അവൻ മുറ്റത്തേക്ക് ചാടിയിറങ്ങി.
''എന്താ അരുൺ...എന്തുപറ്റി? ""
വൃന്ദ അതു ചോദിച്ചുകൊണ്ട് കൂടെചെന്നു.
എന്റെ അരുൺ ഒരു പാവമാ...ഞാനെന്തു പറഞ്ഞാലും വിശ്വസിക്കും...എന്ന് തന്റെ നവവധു കാമുകന്റെ കാതുകളിൽ പറയുന്നത് അരുൺ ഭാവനയിൽ കണ്ടു.
ബൈക്ക് സ്റ്റാർട്ടാക്കി അവൻ തന്റെ ദിശയിലേക്കുള്ള യാത്രയ്ക്കൊരുങ്ങി.