കിംഗ്സ്റ്റൺ: വെസ്റ്രിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്ര് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പതിഞ്ഞ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 50 റൺസ് തികിയ്ക്കുന്നതിന് മുമ്പ് തന്നെ രണ്ട് വിക്കറ്ര് നഷ്ടമായി. ഓപ്പണർ കെ.എൽ.രാഹുൽ (13), മൂന്നാമനായെത്തിയ ചേതേശ്വർ പുജാര (6) എന്നിവരുടെ വിക്കറ്റുകളാണ് അമ്പതിന് മുമ്പ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ടീം സ്കോർ 32ൽ നിൽക്കെ വിൻഡീസ് നായകൻ ഹോൾഡറാണ് രാഹുലിന് മടക്ക ടിക്കറ്റ് നൽകിയത്. വെസ്റ്റിൻഡീസ് ടീമിനായി അരങ്ങേറ്രം നടത്തിയ റഖിം കോൺവാളാണ് ക്യാച്ചെടുത്തത്. പുജാരയുടെ വിക്കറ്റ് കോൺവാൾ സ്വന്തമാക്കി. ബ്രൂക്സാണ് ക്യാച്ചെടുത്തത്. അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുന്ന ഏറ്രവും ഭാരമേറിയ താരമാണ് കോൺവാൾ. തുടർന്ന് മായങ്ക് അഗർവാളും നായകൻ വിരാട് കൊഹ്ലിയും ക്രീസിൽ പിടിച്ച് നിന്ന് പ്രതിസന്ധിയിൽ നിന്ന് കരകയറ്റി ഇന്ത്യയെ 100 കടത്തി. എന്നാൽ ടീം സ്കോർ 115ൽ എത്തിയപ്പോൾ അർദ്ധ സെഞ്ച്വറിയുമായി നന്നായി ബാറ്ര് ചെയ്ത് വരികയായിരുന്ന മായങ്ക് അഗർവാളിനെ (55) ഹോൾഡറുടെ പന്തിൽ കോൺവാൾ കൈയിൽ ഒതുക്കി.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 156/3 എന്ന നിലയിലാണ് ഇന്ത്യ. 51 റൺസോടെ കൊഹ്ലിയും 20 റൺസുമായി രഹാനെയുമാണ് ക്രീസിൽ. കോൺവാളിനൊപ്പം ജാമർ ഹാമിൽട്ടണും വെസ്റ്റിൻഡീസ് ടീമിൽ അരങ്ങേറ്രം നടത്തി. അതേസമയം ആദ്യ ടെസ്റ്രിൽ കളിച്ച അതേ ടീമിനെത്തന്നെ ഇന്ത്യ നിലനിറുത്തി.