ലക്നൗ: ദേശീയ സീനിയർ അത്ലറ്റിക് കിരീടം കേരളം വീണ്ടെടുത്തു. കേരളത്തിന്റെ പൂർണആധിപത്യം കണ്ട മീറ്റിൽ 10 സ്വർണവും 12 വെള്ളിയും 3 വെങ്കലവുമടക്കം 152 പോയിന്റ് നേടിയാണ് കേരളം ചാമ്പ്യൻമാരായത്. തമിഴ്നാട് രണ്ടാം സ്ഥാനം നേടി. 16 പോയിന്റാണ് അവരുടെ സമ്പാദ്യം.ആതിഥേയരായ ഉത്തർപ്രദേശ് 116 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. പുരുഷ, വനിതാ വിഭാഗത്തിലും കേരളമാണ് ചാമ്പ്യൻമാർ.
പുരുഷ വിഭാഗത്തിൽ 65 പോയിന്റ് കേരളം നേടിയപ്പോൾ 52 പോയിന്റുമായി ഹരിയാന രണ്ടാം സ്ഥാനത്തെത്തി. ഇഞ്ചോടിഞ്ച് പ്രകടനവുമായി ഉത്തർപ്രദേശ് മൂന്നാം സ്ഥാനത്തെത്തി. അതേസമയം വനിതാ വിഭാഗത്തിൽ 80 പോയിന്റാണ് കേരളത്തിന്റെ അക്കൗണ്ടിൽ എത്തിയത്.
75 പോയിന്റുമായി തമിഴ്നാട് റണ്ണറപ്പായി.ഇന്നലെ രണ്ടു മീറ്റ് റെക്കഡുകളും പിറന്നു. വനിതകളുടെ 4-100 മീറ്റർ റിലേയിൽ കേരളത്തിന്റെ പേരിലുണ്ടായിരുന്ന രണ്ടു ദശാബ്ദം പഴക്കമുള്ള റെക്കാഡ് തമിഴ് നാട് തിരുത്തി.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ മഹാരാഷ്ട്രയുടെ രാജ്യാന്തര താരം അവിനാഷ് സാബിൽ റെക്കാഡ് നേടി. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം ഒരു സ്വർണവും അഞ്ചു വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്. പുരുഷന്മാരുടെ ലോംഗ്ജമ്പിൽ എം. ശ്രീശങ്കറിന്റെ വകയാണ് ഇന്നലത്തെ സ്വർണം.
7.83 മീറ്റർ ചാടിയാണ് ശ്രീശങ്കർ സുവർണതാരമായത്. 1500 മീറ്ററിൽ ലോകചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനിറങ്ങിയ കേരളത്തിന്റെ അഭിമാനതാരം പി.യു. ചിത്രയ്ക്ക് അട്ടിമറി തോൽവി. ഇന്നലെ നടന്ന ഫൈനലിൽ 4:22.03 മിനിറ്റിൽ വെള്ളി നേടാനേ ചിത്രയ്ക്കായുള്ളു.
നാലു റിലേയിനങ്ങളിൽ കേരളത്തിനു ലഭിച്ചത് രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ്. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ മെയ്മോൻ പൗലോസും ഹെപ്റ്റാത്തലണിൽ മെറീനാ ജോർജും കേരളത്തിനു വെള്ളി സമ്മാനിച്ചു.