ന്യൂഡൽഹി: പാകിസ്താനിലെ ലഹോറിൽ ഏതാനും ദിവസംമുമ്പ് കാണാതായ സിഖ് പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റി മുസ്ലിം പുരുഷനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതായി പരാതി. തംബു സാഹിബ് ഗുരുദ്വാരയിലെ പുരോഹിതന്‍ ഭഗ്വാന്‍ സിങ്ങിന്റെ മകള്‍ ജഗ്ജിത് കൗറിനെ (19) തോക്കുചൂണ്ടി മതംമാറ്റിയെന്നാണ് ആരോപണം. നൻകാനാ സാഹിബ് സ്വദേശിയായ പെൺകുട്ടി മുസ്ലിം യുവാവിനെ വിവാഹംകഴിക്കുന്ന വീഡിയോ വ്യാഴാഴ്ച പ്രചരിച്ചിരുന്നു.
എവിടെവെച്ചാണ് മതംമാറ്റിയതെന്നും വീഡിയോയിലുണ്ട്. ആയിഷ എന്ന് പേരുമാറ്റിയതായും വീഡിയോയിൽ പറയുന്നു. ജഗ്ജിത് കൗറിനെ മോചിപ്പിച്ചില്ലെങ്കിൽ പാക് പഞ്ചാബ് ഗവർണർ സർദാർ ഉസ്മാന്‍ ബുസ്ദാറിന്റെ വീടിനുമുമ്പിൽ ആത്മഹത്യചെയ്യുമെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബുസ്ദാർ ഉത്തരവിട്ടു.
ഏതാനുംപേര്‍ർ വീട്ടിൽക്കയറി ജഗ്ജിത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരൻ സുരീന്ദർ സിംഗ് പറഞ്ഞു. പീഡിപ്പിച്ചും ബലംപ്രയോഗിച്ചും മതംമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിൽ പരാതി നൽകിയെങ്കിലും പിൻവലിക്കാനാവശ്യപ്പെട്ട് അക്രമികൾ വീണ്ടുമെത്തി. ജഗ്ജിത്തിനെ സുരക്ഷിതയായി തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും ചീഫ് ജസ്റ്റിസ് ആസിഫ് സയീദിനോടും കുടുംബം അഭ്യര്‍ഥിച്ചു.
സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ ഇമ്രാന്‍ ഖാനോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അഭ്യർത്ഥിച്ചു. വിഷയം പാക് വിദേശകാര്യമന്ത്രിയുമായി ചർച്ചചെയ്യാൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനോടും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
Shocking incident of a Sikh girl being kidnapped & forced to convert to Islam in Nankana Sahib, Pakistan. Call upon @ImranKhanPTI to take firm and immediate action against the perpetrators. Request @DrSJaishankar to strongly take up the issue with his counterpart at the earliest. pic.twitter.com/hpHvD9kkEJ
— Capt.Amarinder Singh (@capt_amarinder) August 30, 2019