തിരുവനന്തപുരം: കൊച്ചുവേളിയിൽ തുടങ്ങി പതിനൊന്ന് ജില്ലകളെ ബന്ധിപ്പിച്ച് സെമി ഹൈ-സ്പീഡ് റെയിൽപാത യാഥാർത്ഥ്യമാവുന്നതോടെ തലസ്ഥാനത്ത് വൻവികസനമുണ്ടാകും. തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവയെ വടക്കൻ ജില്ലകളുമായി അതിവേഗം ബന്ധിപ്പിക്കുന്ന റെയിൽപാത വരുന്നതോടെ ചരക്കുനീക്കം സുഗമമാവും. കൊച്ചി വിമാനത്താവളത്തിലേക്കും ഈ പാതയ്ക്ക് കണക്ഷനുണ്ട്. ചരക്കുലോറികൾ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം തുറമുഖത്തിന് ഗുണകരമാവും.
പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാനും വിദേശവായ്പ കണ്ടെത്താനും ആകാശസർവേക്കും ഭൂമിയേറ്റെടുക്കലിനുമുള്ള നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. റെയിൽവേയുടെയും സംസ്ഥാനത്തിന്റെയും സംയുക്തകമ്പനിയായ കേരള റെയിൽവേ വികസന കോർപറേഷനാണ് (കെ.ആർ.ഡി.സി.എൽ) പദ്ധതിയുടെ നടത്തിപ്പുചുമതല.
അതിവേഗ റെയിൽവേയുടെ പ്രധാനകേന്ദ്രം കൊച്ചുവേളിയാണ്. നിലവിലെ റെയിൽവേ സ്റ്റേഷന്റെ വലതുഭാഗത്തായാണ് അതിവേഗ റെയിൽവേയുടെ സ്റ്റേഷൻ വരിക. കൊച്ചുവേളിയിൽ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 4.35 കിലോമീറ്ററിൽ എക്സ്റ്റൻഷൻ ലൈൻ സ്ഥാപിക്കും. വിമാനത്താവളത്തിൽ അതിവേഗ റെയിൽവേക്ക് സ്റ്റേഷൻ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിന് വിമാനത്താവള അതോറിട്ടിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. കൊച്ചുവേളി സ്റ്റേഷനിൽ മെയിന്റനൻസ് ഡിപ്പോയും വർക്ക്ഷോപ്പും സ്ഥാപിക്കും. വർക്ക്ഷോപ്പിന് സൈഡ് ട്രാക്കുമുണ്ടാക്കും. കൊച്ചുവേളി സ്റ്റേഷൻ ലോകോത്തര നിലവാരത്തിലാക്കും. ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, പാർപ്പിട സമുച്ചയങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവയുണ്ടാക്കും. ഒരുസമയം ആയിരം കാറുകൾക്ക് പാർക്കിംഗിന് സൗകര്യമൊരുക്കും. സ്റ്റേഷനോട് അനുബന്ധിച്ച് വൈദ്യുതി വാഹനങ്ങളുടെ പൊതുഗതാഗത ശൃംഖലയുണ്ടാവും. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനവുമുണ്ടാവും. അതിവേഗ റെയിൽവേയുടെ ആസ്ഥാനമായി കൊച്ചുവേളി മാറും. കൊച്ചുവേളി സ്റ്റേഷൻ വികസനത്തിന് റെയിൽവേ നേരത്തേ തയ്യാറാക്കിയ മാസ്റ്റർപ്ലാനും ഇതോടൊപ്പം നടപ്പാക്കും. ഫലത്തിൽ അതിവേഗ റെയിൽവേ വരുന്നതോടെ കൊച്ചുവേളിയുടെ ദുരവസ്ഥ മാറും.
തലസ്ഥാന നഗരത്തെ ഒന്നരമണിക്കൂറിൽ എറണാകുളവുമായും നാലുമണിക്കൂറിൽ കാസർകോട്ടുമായും ബന്ധിപ്പിക്കുന്നതാണ് അതിവേഗ റെയിൽപാത. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കാക്കനാട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 10 പുതിയ സ്റ്റേഷനുകൾ വരും. ഒരു കിലോമീറ്ററിൽ യാത്രാചെലവ് 2.75 രൂപയാണ്. 12 കിലോമീറ്ററിൽ മേൽപ്പാലവും രണ്ടരകിലോമീറ്ററിൽ തുരങ്കവുമുണ്ടാവും. ജനവാസം ഏറ്റവും കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ് പുതിയ റെയിൽവേപാതയെന്നതിനാൽ 6000 വീടുകൾ പൊളിച്ചാൽ മതിയാവും. റെയിൽപാതയ്ക്ക് ഇരുവശവും സർവീസ് റോഡുകളുള്ളതിനാൽ ഉൾപ്രദേശങ്ങൾ വികസിക്കും.
ഭൂമിവിലയും കൂടും. 2024ൽ പദ്ധതി പൂർത്തിയാവുന്നതോടെ അരലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നതിനാൽ ഭൂമി വിട്ടുനൽകുന്നവർക്കും ഗുണകരമാണ്. സ്റ്റേഷനുകളോട് ചേർന്ന് വാണിജ്യകേന്ദ്രങ്ങളും മാളുകളും തുടങ്ങുമെന്നതിനാൽ നഗരങ്ങളും വികസിക്കും.
നേരത്തേ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) സമർപ്പിക്കാനാണ് റെയിൽവേ ബോർഡ് നിർദ്ദേശിച്ചിരുന്നതെങ്കിലും അലൈൻമെന്റടക്കം നിശ്ചയിച്ച് ഫ്രഞ്ച് എൻജിനിയറിംഗ് സ്ഥാപനമായ ‘സെസ്ട്ര’ തയ്യാറാക്കിയ പഠനറിപ്പോർട്ടും സംസ്ഥാനത്തെ വൻവികസനപദ്ധതിയാണെന്നതും കണക്കിലെടുത്ത് കേന്ദ്രം തത്വത്തിലുള്ള അനുമതി ഉടൻ നൽകും. ഹെലികോപ്ടറും ഡ്രോണുകളുമുപയോഗിച്ചുള്ള 600 മീറ്റർ വീതിയിലുള്ള സർവേ പൂർത്തിയായാലുടൻ സ്ഥലമെടുപ്പ് തുടങ്ങും. പാതയ്ക്കായി 100 മീറ്ററിൽ താഴെ വീതിയിലേ സ്ഥലമെടുക്കേണ്ടതുള്ളൂ. 1226.45 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 8656 കോടി സംസ്ഥാന സർക്കാർ മുടക്കണം.
സംസ്ഥാനത്ത് 2028ൽ പ്രതീക്ഷിക്കപ്പെടുന്ന 2,37,663 ടൺ കാർബൺ മാലിന്യം ഇല്ലാതാക്കാൻ അതിവേഗ റെയിൽപാതയ്ക്ക് കഴിയും. 2051 ആവുമ്പോഴേക്കും 3,81,899 ടൺ കാർബൺ മാലിന്യം ഇല്ലാതാക്കാനാവും. തുടക്കത്തിൽ നിത്യേന 67,740 യാത്രക്കാരുണ്ടാകുമെന്ന് കണക്കാക്കുന്നു. തിരക്കുള്ള സമയത്ത് ഒരു ദിശയിൽ മാത്രം 1330 യാത്രക്കാരുണ്ടാവും. 2028ൽ 82,266, 2040ൽ 1.16 ലക്ഷം, 2051ൽ 1.47 ലക്ഷം യാത്രക്കാർ പ്രതിദിനമുണ്ടാവും. ആദ്യഘട്ടത്തിൽ 9 ബോഗികളുണ്ടാവും. പിന്നീട് 12 ആക്കും.
തലമുറകൾക്ക് ഉപകാരപ്പെടുന്ന, കേരളത്തിന്റെ അഭിമാന പദ്ധതിയാണിത്. സർക്കാരിന്റെ പൂർണപിന്തുണ പദ്ധതിക്കുണ്ട്. - ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രി
ആറുവരി ദേശീയപാതയ് ക്ക് സമം
രണ്ടുവരി അതിവേഗ റെയിൽപാതയിൽ ആറുവരി ദേശീയപാതയ്ക്ക് തുല്യമായ ഗതാഗതമുണ്ടാകും. ഓരോ അരക്കിലോമീറ്ററിലും ക്രോസിംഗിന് അണ്ടർപാസുകളുണ്ട്. സ്ഥലമെടുപ്പ് ഒഴിവാക്കാൻ നഗരങ്ങളിൽ ആകാശപാതയുണ്ടാവും.
യാത്രാസമയം കുറയും, മികച്ച ഗതാഗത സൗകര്യം, മോട്ടോർ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിലെ ലാഭം,
ഇന്ധനചെലവും ഉപയോഗവും കുറയും, തടസമില്ലാതെ ട്രെയിൻ യാത്ര, അന്തരീക്ഷ മലിനീകരണം കുറയും, റോഡപകടങ്ങൾ വൻതോതിൽ കുറയും, അന്താരാഷ്ട്ര നിലവാരമുള്ള കോച്ചുകളിലെ യാത്ര, സ്റ്റേഷനുകൾക്ക് അനുബന്ധമായി നഗരവികസനം എന്നിങ്ങനെ ഗുണങ്ങൾ നിരവധിയാണ്.
100% പരിസ്ഥിതി സൗഹൃദം
100 ശതമാനം പരിസ്ഥിതി സൗഹൃദമായിരിക്കും അതിവേഗ റെയിൽപാത. ഇതിനായി അഹമ്മദാബാദ് ഐ.ഐ.എമ്മിന്റെ സഹകരണമുണ്ടാവും. സ്റ്റേഷനുകളിലടക്കം സൗരോർജ്ജ വിനിയോഗം പരമാവധിയാക്കും. സ്റ്റീലും കോൺക്രീറ്റും പുനഃസംസ്കരിച്ച് ഉപയോഗിക്കും. നിർമ്മാണത്തിലുണ്ടാകുന്ന പാഴ്വസ്തുക്കൾ ഇങ്ങനെ സംസ്കരിക്കും. നിർമ്മാണത്തിന് മലിനീകരണമുണ്ടാക്കാത്ത യന്ത്രങ്ങളുപയോഗിക്കും. സ്റ്റേഷനുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിൽ ഹരിതചട്ടം പാലിക്കും.
ചെലവിന് വിദേശവായ്പ
66,079 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. കേന്ദ്രവും കേരളവും ചേർന്ന് 12,000 കോടിയുടെ ഓഹരിയെടുക്കും. ജി.എസ്.ടി തിരിച്ചുനൽകുന്നതിലൂടെ കേന്ദ്രവും സംസ്ഥാനവും 3000 കോടി വീതം പദ്ധതി നടത്തിപ്പിനുള്ള കമ്പനിയിയിൽ നിക്ഷേപിക്കും. 34454 കോടിയുടെ വിദേശവായ്പ കണ്ടെത്തേണ്ടതുണ്ട്. കേന്ദ്ര ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയിൽ കേരളത്തിന്റെ സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉൾപ്പെടുത്തിയതോടെ, ജപ്പാൻ ഏജൻസിയായ ജൈക്കയുടെ വായ്പ വേഗത്തിൽ ലഭിക്കുമെന്നുറപ്പായി. ലോകബാങ്ക്, ഏഷ്യൻവികസനബാങ്ക്, ഫ്രാൻസിലെ എ.എഫ്.ഡി, ജർമ്മൻബാങ്ക് എന്നിവയുമായി കെ.ആർ.ഡി.സി.എൽ ചർച്ചനടത്തി. ജൈക്കയൊഴികെയുള്ള ഏജൻസികൾക്ക് പരമാവധി 7100 കോടിയേ (ഒരു ബില്യൺ ഡോളർ) വായ്പ അനുവദിക്കാനാവൂ. ജൈക്കയ്ക്ക് പരിധിയില്ലാതെ വായ്പനൽകാം. 0.2 മുതൽ ഒരുശതമാനം വരെയാണ് അവരുടെ പലിശ. 50 വർഷംവരെ തിരിച്ചടവ് കാലാവധിയും 10 വർഷം മോറട്ടോറിയവും കിട്ടും. പക്ഷേ, ട്രെയിനിന്റെ കോച്ചുകളും സിഗ്നൽസംവിധാനവുമടക്കം ജപ്പാൻ കമ്പനികളിൽ നിന്ന് വാങ്ങണമെന്ന് ജൈക്ക നിബന്ധനവച്ചേക്കാം.