തിരുവനന്തപുരം: ഡോ. ഡി. ബാബുപോൾ സാംസ്കാരിക വകുപ്പ് സെക്രട്ടറിയായിരുന്നപ്പോഴാണ് നവോത്ഥാന നായകൻ അയ്യങ്കാളിയുടെ പേര് വി.ജെ.ടി ഹാളിനു നൽകണമെന്നൊരു കുറിപ്പ് സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ കണ്ട ഫയൽ ആവശ്യം നിഷേധിച്ചുകൊണ്ട് കറങ്ങി തിരിച്ച് ഒരു കുറിപ്പുമായി ബാബുപോളിന്റെ മേശപ്പുറത്തു തന്നെ എത്തി. വി.ജെ.ടി എന്ന പേരിനാണ് ആഢ്യത്വം ഉള്ളതെന്നും അതു തന്നെ തുടരുന്നതല്ലേ ഭംഗി എന്നുമായിരുന്നു കുറിപ്പിന്റെ സാരം. ബ്രിട്ടീഷുകാർ ഇവിടം വിട്ടു പോയെങ്കിലും അവരുടെ പ്രേതം ഇവിടെയൊക്കെ തന്നെ കറങ്ങുന്നുണ്ടെന്ന മറുകുറി എഴുതിവച്ചിട്ട് ബാബുപോൾ ആ ഫയൽ മടക്കി.
കൊളോണിയൽ സംസ്കാരത്തോടുള്ള ഒരു തരം അടിമത്തം ഭരണ രംഗത്തെ ചിലരിലെങ്കിലും അവശേഷിച്ചതുകൊണ്ടു മാത്രമായിരിക്കില്ല അയ്യങ്കാളിയുടെ പേര് നിഷേധിക്കപ്പെട്ടത്. അധികാരം കൈയാളുന്നവരുടെ ഉള്ളിൽ എവിടെയെങ്കിലും അവശേഷിച്ച സവർണ മനോഭാവവും ഒരു കാരണമായേക്കാം. എന്തായാലും ചരിത്രപരമായ തീരുമാനം എടുക്കാനുള്ള അവസരം മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായി തന്നെ വിനിയോഗിച്ചു. അന്ന് ആ കുറിപ്പ് എഴുതി സർക്കാരിനയച്ച ബാബുപോൾ ചരിത്ര നിമിഷത്തിന് സാക്ഷിയാകാതെ മരണത്തിലേക്ക് മറഞ്ഞു. വി.ജെ.ടി ഹാളിന്റെ പേര് മാറ്റി സംസ്ഥാനം ഭരിച്ച രണ്ടു മുഖ്യമന്ത്രിമാരുടെ പേര് ഇടണമെന്ന ആവശ്യങ്ങളും ഉയർന്നിരുന്നു. പട്ടം താണുപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ പേരിടണമെന്നും കെ. കരുണാകരന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പേരിടണമെന്നുമുള്ള ആവശ്യങ്ങളാണുയർന്നിരുന്നത്. 28-ാമത്തെ വയസിൽ സ്വന്തമായി വാങ്ങിയ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രത്തിന്റെ ദിശാമാറ്റതതിന് വഴിയൊരുക്കിയ അയ്യങ്കാളിയുടെ പേരു തന്നെ വി.ജെ.ടി ഹാളിനു നൽകേണ്ടത് കാലത്തിന്റെ ശരികൂടിയാണ്.
എത്രയോ സ്ഥലനാമങ്ങൾ മാറ്റി എഴുതിയിരിക്കുന്നു. അങ്ങനെയല്ലെ ട്രിവാൻഡ്രം തിരുവനന്തപുരമായത്.
വെള്ളയമ്പലം ജംഗ്ഷനിൽ തലയുയർത്തി നിൽക്കുന്ന അയ്യങ്കാളിയുടെ പ്രതിമയാണ് ഇപ്പോൾ തലസ്ഥാന നഗരത്തിലെ അയ്യങ്കാളിയുടെ പ്രധാന സ്മാരകം. ഇതിന് പിന്നാലെയാണ് പാളയത്തെ വി.ജെ.ടി ഹാൾ കൂടി അദ്ദേഹത്തിന്റെ സ്മാരകമാക്കി മാറ്റുന്നത്. ജന്മസ്ഥലമായ വെങ്ങാനൂരിൽ സ്കൂളും അയ്യങ്കാളിയുടെ പേരിൽ യു.പി സ്കൂളും സ്മൃതി കുടീരവുമുണ്ട്. അയ്യങ്കാളിയുടെ സ്മരണാർത്ഥം നേരത്തേ തപാൽ സ്റ്റാമ്പും പുറത്തിറങ്ങിയിട്ടുണ്ട്.
ഇന്നത്തെ അയ്യങ്കാളി ഹാൾ ഇന്നലത്തെ വി.ജെ.ടി ഹാളിന്റെ പുറംമോടി മാറ്റും. ഇതിനുള്ള പദ്ധതി പൊതുഭരണ വകുപ്പ് വരുംനാളുകളിൽ തയ്യാറാക്കും. ആദ്യപടിയായി ചുറ്റുമതിലിലെ കവാടമായിരിക്കും മാറ്റുക. രണ്ട് കവാടങ്ങളാണ് ഉള്ളത്.
ചരിത്രവഴികളിൽ
തിരുവിതാംകൂറിലെ ജനകീയ സഭയുടെ ആദ്യ വേദിയായിരുന്നു വി.ജെ.ടി ഹാൾ. ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്കാണ് വിക്ടോറിയ ജൂബിലി ടൗൺഹാൾ നിർമ്മിച്ചത്. ഇംഗ്ലണ്ടിലും അധിനിവേശ രാജ്യങ്ങളിലുമെല്ലാം ജൂബിലിയുടെ ഭാഗമായി നിരവധി സ്മാരകങ്ങൾ നിർമ്മിച്ചിരുന്നു. തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാളിന്റെ കാലഘട്ടത്തിലാണ് വി.ജെ.ടി ഹാൾ നിർമ്മിച്ചത്. 1896 ൽ കെട്ടിടം പണി പൂർത്തിയാക്കി. പൊതു ജനങ്ങളും രാജകീയ ഭരണകൂടവും ചേർന്നാണ് ഇതിനാവശ്യമായ പണം കണ്ടെത്തിയത്.
l പ്രമുഖർ എത്തുമ്പോൾ സ്വീകരണം നൽകുന്നതും രാജകുടുംബവുമായി ബന്ധപ്പെട്ട കലാസാംസ്കാരിക പരിപാടികൾ നടത്തുന്നതും ഇവിടെയായിരുന്നു.
l യൂണിവേഴ്സിറ്റി കോളേജിന്റെ വാർഷികം, രാജാവിന്റെ ജന്മദിനാഘോഷം തുടങ്ങിയവയ്ക്കും പ്രധാന കലാപരിപാടികൾ നടത്താനും മാത്രമേ ഹാൾ നൽകാറുണ്ടായിരുന്നുള്ളൂ
l ആദ്യമായി തിരുവിതാംകൂറിലെത്തിയ വൈസ്രോയിയായ കഴ്സൺ പ്രഭുവിന് 1900 ൽ സ്വീകരണം നൽകിയതും ഇവിടെയാണ്. തുടർന്ന് തലസ്ഥാനത്തെത്തുന്ന ബ്രിട്ടീഷ് സർക്കാരിന്റെ ഗവർണർമാർക്കും സ്വീകരണം കൊടുത്തത് ഇവിടെയാണ്
l 1904 ൽ ശ്രീമൂലം പ്രജാസഭ തുടങ്ങിയപ്പോൾ യോഗം ചേർന്നിരുന്നത് ഇവിടെയാണ്.
l ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ജനഹിതമറിയാൻ ദിവാൻ മാധവറാവു പ്രജാസഭ തുടങ്ങിയത്. വിവിധ മേഖലയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 100 ഓളം പേരായിരുന്നു അംഗങ്ങൾ.
l കുമാരനാശാനും അയ്യങ്കാളിയും ഈ സഭയിലേക്ക് എത്തിയതോടെയാണ് അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയുള്ള ശബ്ദം സഭയിൽ ഉയർന്നത്. ക്ഷേത്രപ്രവേശനവാദം, അയിത്തം, പഠനം എന്നിവയ്ക്ക് വേണ്ടിയുള്ള ശക്തമായ ആവശ്യം ഉയരുന്നത് ശ്രീമൂലം സഭയിലാണ്.
l 1925 ൽ വൈക്കം സത്യാഗ്രഹത്തിനെത്തിയ ഗാന്ധിജി വി.ജെ.ടി ഹാളിൽ പ്രസംഗിച്ചു.
l ഗാന്ധിജിയെ കൂടാതെ നെഹ്റു, സരോജിനി നായിഡു തുടങ്ങിയ നിരവധി പ്രമുഖർ വി.ജെ.ടി ഹാളിൽ പ്രസംഗിച്ചിട്ടുണ്ട്. സ്റ്റേറ്റ് കോൺഗ്രസിന്റെ പല സമര പ്രഖ്യാപനങ്ങൾക്കും വേദിയായി
l ടാഗോർ തിരുവനന്തപുരത്ത് എത്തിയപ്പോൾ അദ്ദേഹത്തിന്റെ നാടകം അവതരിപ്പിച്ചു.
l 1931 ൽ ചിത്തിരതിരുനാൾ സ്ഥാനമേറ്റതോടെ പ്രജാസഭ ശ്രീമൂലം അസംബ്ലിയാക്കി. കൂടാതെ ശ്രീചിത്ര സ്റ്റേറ്റ് കൗൺസിലും രൂപവത്കരിച്ചു.
l 1939-40 സമയത്താണ് ജനകീയ സഭകൾ കൂടാൻ സെക്രട്ടേറിയറ്റിനുള്ളിൽ വലിയ ഹാൾ നിർമ്മിച്ചത്. ഇതോടെയാണ് വി.ജെ.ടിയിലെ സഭ അവസാനിച്ചത്.
അയ്യങ്കാളിയുടെ ശബ്ദം
l 25 വർഷക്കാലം ഈ സഭയിൽ അംഗമായിരുന്ന അയ്യങ്കാളി. അധഃസ്ഥിതരുടെ തൊഴിൽ ആവശ്യങ്ങൾ, പഠനം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങി പലതിനുമായി ഉറക്കെ വാദിച്ചു.
l സർക്കാർ ഉത്തരവുണ്ടായിട്ടും അധഃസ്ഥിത വിദ്യാർത്ഥികളെ സ്കൂളിൽ കയറ്റാത്തതിനെതിരെയുള്ള സമരങ്ങൾക്ക് പിന്തുണ തേടി പ്രജാസഭയിൽ ശക്തമായി വാദിച്ചു.
l വില്ലുവണ്ടി സമരം, കല്ലുമാല സമരം തുടങ്ങിയവയ്ക്ക് മുമ്പെല്ലാം അദ്ദേഹം ഇക്കാര്യങ്ങൾ സഭയിൽ ഉന്നയിച്ചിരുന്നു.