തിരുവനന്തപുരം: ഓണക്കാലം അടിപൊളിയാക്കാൻ ജംബോ സർക്കസ് വീണ്ടും തലസ്ഥാനത്തെത്തി. ഇനി കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷമാക്കാൻ, രണ്ടര മണിക്കൂർ ചിരിച്ചും അമ്പരന്നും ശ്വാസമടക്കിപ്പിടിച്ചും ഉല്ലസിക്കാൻ നേരെ പുത്തരിക്കണ്ടം മൈതാനത്തെത്താം. കഴിഞ്ഞ വർഷവും ആഗസ്റ്റ് മാസത്തിൽ ജംബോ സർക്കസ് തലസ്ഥാനത്തെത്തിയിരുന്നു.
മെയ്വഴക്കത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കിയാണ് ഇത്തവണയും സർക്കസ് പ്രേമികളെ സംതൃപ്തരാക്കാൻ സംഘമെത്തിയിരിക്കുന്നത്. തൻസാനിയൻ, എത്യോപ്യൻ കലാകാരന്മാരുടെയും കലാകാരികളുടെയും അതിസാഹസിക പ്രകടനങ്ങളാണ് മുഖ്യആകർഷണം. ഒരു മാസക്കാലമാണ് തലസ്ഥാനത്ത് സംഘമുണ്ടാവുക. 60 കലാകാരൻമാരാണ് സംഘത്തിലുള്ളത്. പുതുമ കൊണ്ടും അവതരണ മികവുകൊണ്ടും കാഴ്ചയുടെ വിരുന്നൊരുക്കുന്നതാകും പ്രകടനം.
ആഫ്രിക്കയിൽ നിന്നുള്ള ആറംഗ സംഘത്തിന്റെ അതിസാഹസികമായ അഭ്യാസ പ്രകടനങ്ങൾക്ക് പുറമെ സാരി അക്രോബാറ്റ്, നേപ്പാൾ സ്വദേശികളായ വിക്രവും താനിയയും 35 അടി ഉയരത്തിൽ നിന്നു അവതരിപ്പിക്കുന്ന ഡബിൾ സാരി അക്രോബാറ്റ്, സ്പ്രിങ് ബോർഡ് അക്രോബാറ്റ്, റഷ്യൻ റോപ് അക്രോബാറ്റ്, ഫയർ ഡാൻസ്, സ്കേറ്റിംഗ്, ഫ്ളയിംഗ് ട്രപ്പീസിൽ, സ്കേറ്റിംഗ്, വളർത്തുമൃഗങ്ങളുടെ അഭ്യാസ പ്രകടനം, കൊക്കാട്ടൂസ്, മക്കാവോ തത്തകൾ ചേർന്നുള്ള സീസോ ബാലൻസ്, കൊക്കുകൊണ്ടുള്ള രഥം വലിക്കൽ തുടങ്ങിയവയും സർക്കസിലെ ആകർഷണീയമായ ഇനങ്ങളാണ്.
100, 200, 300 രൂപ നിരക്കുകളിലാണ് ടിക്കറ്റ് ലഭ്യമാവുക. ദിവസേന ഒരു മണി, നാലു മണി, ഏഴു മണി എന്നിങ്ങനെ മൂന്ന് ഷോകളാണ് ക്രമീകരിച്ചിരിക്കുനതെന്ന് ജംബോ സർക്കസ് മീഡിയ കോ-ഓർഡിനേറ്റർ ശ്രീഹരി നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഷോയിൽ 28 മുതൽ 30 ഇനങ്ങൾ വരെയായിരിക്കും പ്രദർശിപ്പിക്കുക.