കഴക്കൂട്ടം: ഇടുങ്ങിയ റോഡ്, ഇരുവശവും കൊടുംകാട്, ഇഴജന്തുക്കളുടെ ആവാസകേന്ദ്രം, ഏതുസമയത്തും നിലംപൊത്താവുന്ന കൈത്തോടിന് കുറുകെയുള്ള പാലം, പൊട്ടിയൊഴുകുന്ന മലിനജലം... പറഞ്ഞുവന്നത് ഉത്തരേന്ത്യയിലെ ഏതോ അവികസിത ചേരിപ്രദേശത്തിന്റെ കാര്യമാണെന്ന് കരുതിയവർക്ക് തെറ്റി. ഇത് നഗരത്തിന്റെ ഐ.ടി കേന്ദ്രമായ കഴക്കൂട്ടത്തെ ഒരു റോഡിന്റെ അവസ്ഥയാണ്. ടെക്നോപാർക്കിലെ നിളയിലേക്ക് പോകാൻ ദിവസവും നൂറുകണക്കിന് ടെക്കികൾ കുറുക്ക് വഴിയായി ഉപയോഗിക്കുന്ന കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷന്റെ വശത്തുകൂടിയുള്ള മുള്ളുവിള റോഡിന്റെ ഗതികേടാണിത്.
വർഷങ്ങളായി കാട് കയറി സഞ്ചാരയോഗ്യമല്ലാതായ ഇവിടത്തെ ദയനീയാവസ്ഥയെ കുറിച്ച് സ്ഥലവാസികളും ടെക്കികളും സ്ഥലം കൗൺസിലർ കൂടിയായ മേയറെ ധരിപ്പിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്നാണ് പരാതി. രാവും പകലും നൂറുകണക്കിന് വനിതാ ജീവനക്കാർ ഉൾപ്പെടെ പോകുന്ന വഴിയാണിത്. ഒരുപാട് ലേഡീസ് ഹോസ്റ്റലുകൾ ഉള്ള സ്ഥലമാണിത്. തോടിന് കുറുകെ ചെറിയ ഒരുപാലമുണ്ടെങ്കിലും ഒരുബൈക്കിന് പോലും കടന്നുപോകാൻ കഴിയില്ല. രണ്ടുദിവസം മുമ്പ് ഈ പാലത്തിലൂടെ പോയ രണ്ടു ബൈക്കുകൾ തോട്ടിലകപ്പെട്ടു. പോരാത്തതിന് രാത്രിയിൽ പിടിച്ചുപറിയുമുണ്ട്.
ടെക്നോപാർക്കിന്റെ മെയിൻ ഗേറ്റുവഴി ചുറ്റി കറങ്ങി നിളയിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം. അതിനാലാണ് ജീവനക്കാർ പാർക്കിലെത്താൻ മുള്ളുവിള വഴി പോകുന്നത്. ടെക്നോപാർക്കിന്റെ കൂറ്റൻ മതിൽ കഴിഞ്ഞ മഴയിൽ ഇടിഞ്ഞിരുന്നു. കനത്തുസുരക്ഷയുള്ള പാർക്കിൽ ഇപ്പോൾ ആർക്കുവേണമെങ്കിലും കയറിപ്പോകാൻ പറ്റും. അതിന്റെ ഗൗരവം മനസിലാക്കി മതിൽകെട്ടി അടയ്ക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്. കാട് വെട്ടിത്തെളിച്ച് റോഡ് നന്നാക്കുകയും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.