ചെമ്പരത്തി പൂന്തോട്ടത്തിൽ ചിരിച്ചു നിൽക്കാൻ തുടങ്ങിയിട്ട് കാലമേറയായെങ്കിലും ഇതിന്റെ ഔഷധഗുണങ്ങൾ പലരും തിരിച്ചറിഞ്ഞിട്ടില്ല. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് ചേർത്ത് തയാറാക്കുന്ന ഔഷധച്ചായയ്ക്ക് അന്താരാഷ്ട്ര വിപണിയിലും പ്രാധാന്യമേറെയാണ്. വിറ്റാമിൻ സി, ഫ്ലേവനോയിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ ചെമ്പരത്തിച്ചായ രക്തസമ്മർദ്ദം, പ്രമേഹം, കരൾ രോഗങ്ങൾ, ആർത്തവപ്രശ്നങ്ങൾ, വിഷാദരോഗങ്ങൾ, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ നീക്കം ചെയ്യാനും ചെമ്പരത്തിച്ചായയ്ക്ക് കഴിവുണ്ട്.
ത്വക്ക് കാൻസറിനെ പ്രതിരോധിക്കാനും കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചെമ്പരത്തിച്ചായയിലെ പോളീഫീനോളുകളാണ് കാൻസറിനെ പ്രതിരോധിക്കുന്നത്. സെറാട്ടോണിന്റെ അളവ് കൂട്ടിയാണ് ചെമ്പരത്തിച്ചായ വിഷാദത്തെ പ്രതിരോധിക്കുന്നത്. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കും. ചെമ്പരത്തിച്ചായയുടെ പതിവായുള്ള ഉപയോഗം ചർമ്മത്തിൽ ചുളിവ് വീഴാതിരിക്കാനും അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാനും സഹായിക്കും. ത്വക്ക് കോശങ്ങളുടെ പുനരുജ്ജീവനവും സാദ്ധ്യമാക്കും. വിറ്റാമിൻ ബി, കാൽസ്യം, ഫോസ്ഫറസ്, അമിനോ ആസിഡ് എന്നിവ മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും, അകാലനരയെ പ്രതിരോധിക്കും.