കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പിടിയിലായ പ്രതികൾ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലൻസ് റിപ്പോർട്ട്. ടി.ഒ.സൂരജ് അടക്കമുള്ള പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായി വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കരാറുകാരന് വൻ ലാഭമുണ്ടാക്കാൻ വഴിവിട്ട് സഹായം ചെയ്തെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് ഇന്ന് അപേക്ഷ നൽകും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം. പാലം നിർമ്മിച്ച ആർ.ഡി.എസ് പ്രോജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എ.ജി.എം എം.ടി തങ്കച്ചൻ, കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതുമരാമത്തെ സെക്രട്ടറി ടി.ഒ സൂരജ് എന്നിവരെ രണ്ടു മുതൽ നാലുവരെ പ്രതികളുമാക്കിയാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രതികളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
അഴിമതി, വഞ്ചന, ഗൂഢാലോചന, സാമ്പത്തിക ക്രമക്കേട് എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ്‌ജയിലിൽ അടച്ചു. വിജിലൻസിന്റെ കസ്റ്റഡി അപേക്ഷ ഇന്നും പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചയും പരിഗണിക്കും. സൂരജ് ഉൾപ്പെടെ നാലു പേരെയും ഇന്നലെ ഉച്ചയോടെ ചോദ്യം ചെയ്യാനായി എറണാകുളം വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു.
എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ‌്തപ്പോൾ പ്രതിപ്പട്ടികയിലോ, കേസുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിലോ സൂരജിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം സൂരജിൽ നിന്ന് മൂന്നു മണിക്കൂർ മൊഴിയെടുത്ത വിജിലൻസ് സംഘം അറസ്റ്റിനെക്കുറിച്ച് സൂചന നൽകാതെ ഇന്നലെ ഓഫീസിലേക്ക് നാടകീയമായി വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2018 മേയ് 31 നാണ് സൂരജ് സർവീസിൽ നിന്ന് വിരമിച്ചത്.