കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ തനിക്ക് പങ്കില്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സർക്കാർ നയം അനുസരിച്ചുള്ള ഫയൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നും കരാർ കമ്പനിക്ക് നേരിട്ട് തുക കൊടുക്കാനുള്ള ഒരു ഫയലും കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് റിമാൻഡ് റിപ്പോർട്ട് വായിച്ചാൽ ഇത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് ഇന്ന് അപേക്ഷ നൽകും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം. പാലം നിർമ്മിച്ച ആർ.ഡി.എസ് പ്രോജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എ.ജി.എം എം.ടി തങ്കച്ചൻ, കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതുമരാമത്തെ സെക്രട്ടറി ടി.ഒ സൂരജ് എന്നിവരെ രണ്ടു മുതൽ നാലുവരെ പ്രതികളുമാക്കിയാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രതികളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.