rahul-gandhi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്മാരുടെ ചീഫ് കമാൻഡറെന്ന് വിശേഷിപ്പിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്കെതിരെ ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയിൽ മുംബയ് കോടതിയുടെ സമൻസ്. ഒക്‌ടോബർ മൂന്നിന് മുമ്പ് കോടതിക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുംബയ് ഗിരിഗാമിലെ മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. കഴിഞ്ഞ വർഷം സെപ്‌തംബറിൽ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ രാഹുൽ ഗാന്ധി മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ മഹേഷ് ശ്രീശ്രീമാൽ എന്ന ബി.ജെ.പി പ്രവർത്തകനാണ് കോടതിയെ സമീപിച്ചത്.

രാഹുലിന്റെ പരിഹാസം പ്രധാനമന്ത്രിയെ മാത്രമല്ല ബി.ജെ.പി പ്രവർത്തകരെയാകെ പരിഹസിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ബി.ജെ.പിയ്‌ക്കെതിരെ ഉപയോഗിച്ച പ്രധാന ആയുധം റഫാൽ ഇടപാടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന രീതിയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇത്തരത്തിലുള്ള പരാമർശം മോദിയെ മാത്രമല്ല എല്ലാ ബി.ജെ.പി പ്രവർത്തകർക്കും മനോവിഷമമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പരാതിക്കാരന്റെ ഹർജി പരിഗണിച്ചത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല.