nrc

ന്യൂഡൽഹി: 19.06 ലക്ഷം പേരെ പുറത്താക്കിക്കൊണ്ട് അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻ.ആർ.സി) അന്തിമ പട്ടിക പുറത്തുവിട്ടു. എന്നാൽ അർഹരെന്ന് കണ്ടെത്തിയ 3.11 കോടി പേർക്ക് പൗരത്വം അനുവദിച്ചിട്ടുണ്ട്. ഈ പട്ടികയിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 120 ദിവസത്തിനകം ഫോറിനേഴ്സ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും എൻ.ആർ.സിയുടെ അസാം കോർഡിനേറ്റർ പ്രതീക് ഹജേല അറിയിച്ചു. ഇതിനായി ആയിരം കേന്ദ്രങ്ങൾ ഉടൻ തന്നെ തുടങ്ങും. പട്ടികയിൽ നിന്നും പുറത്തായവരെ ഉടൻ വിദേശികളായി പ്രഖ്യാപിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം, പൗരത്വ രജിസ്‌റ്റർ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി അസാമിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന് പുറമെ 218 കമ്പനി കേന്ദ്രസേനയും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. പട്ടികയുടെ പേരിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പട്ടികയിൽ ഇടം നേടാത്തവർക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാൻ ഇനിയും അവസരമുണ്ടെന്നും അസാം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ പറഞ്ഞു.

2018 ജൂലായ് 30 നാണ് അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേർ പൗരത്വത്തിനായി അന്ന് അപേക്ഷിച്ചെങ്കിലും 2.89 കോടി ആളുകൾക്ക് മാത്രമാണ് കരട് പട്ടികയിൽ ഇടംനേടാനായത്. 40 ലക്ഷത്തോളം ആളുകൾ അന്ന് പട്ടികയ്ക്ക് പുറത്തായിരുന്നു. കരടു പട്ടികയിലുൾപ്പെട്ട 2.89 കോടി ആളുകളിൽനിന്നാണ് ഇപ്പോൾ 19 ലക്ഷം പേരെ കൂടി ഒഴിവാക്കിയിരിക്കുന്നത്. 2005 മേയിലാണ് സംസ്ഥാനത്തെ യഥാർത്ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 40,000 സർക്കാർ ഉദ്യോഗസ്ഥർ ചേർന്നാണ് എൻ.ആർ.സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എൻ.ആർ.സി സെന്ററുകളും ആരംഭിച്ചിരുന്നു. 1951ലാണ് രാജ്യത്ത് അവസാനമായി എൻ.ആർ.സി പുതുക്കിയത്. ഇതിനു ശേഷം പട്ടിക തയ്യാറാക്കാൻ മുന്നിട്ടിറങ്ങുന്ന ആദ്യ സംസ്ഥാനമാണ് അസാം.

 കരാറൊപ്പിട്ടത് രാജീവ് ഗാന്ധി

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് 1979ൽ അഖില അസാം വിദ്യാർത്ഥി യൂണിയൻ പ്രക്ഷോഭം ആരംഭിച്ചിരുന്നു. 1985 ആഗസ്റ്റ് 15ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കരാർ ഒപ്പുവച്ചതോടെയാണ് ആറുവർഷം നീണ്ട പ്രക്ഷോഭം അവസാനിച്ചത്.

 ആരാണ് ഡി വോട്ടർ?

അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങളും വോട്ടവകാശവും ഇല്ലാത്തവരെന്നാണ് ഔദ്യോഗികഭാഷയിൽ 'ഡി വോട്ട‌‌ർ" എന്നതിന് നിർവചനം. ഇങ്ങനെയുള്ള ഡി വോട്ടർമാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവർ. ഇവരിൽ പലരും നേരത്തേ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാകാം. എന്നാൽ നിലവിൽ മതിയായ രേഖകൾ സമർപ്പിക്കാനായില്ലെങ്കിൽ ഇവരെ ജയിലിലേക്കോ ഡിറ്റൻഷൻ കേന്ദ്രങ്ങളിലേക്കോ അയയ്ക്കും.