gold-price

തിരുവനന്തപുരം : ഓണത്തിരക്കിലമർന്ന നഗരത്തിലൂടെ യാത്രചെയ്യുമ്പോൾ ജുവലറിക്കുള്ളിലേക്ക് നോക്കിയാൽ തിരക്കോട് തിരക്ക്. എന്നാൽ പത്രത്താളുകളിൽ സ്വർണവില മാനം മുട്ടുന്ന വാർത്തകളും. സ്വർണം പവന് 29000ത്തിന് അടുത്തെത്തിയിട്ടും ജുവലറികളിൽ തിരക്ക് കൂടുന്നതിന് പിന്നിൽ എന്താണ് കാരണം എന്ന് അന്വേഷിച്ചാൽ ചില കാര്യങ്ങൾ മനസിലാവും.

സ്വർണം ആഭരണമല്ല നിക്ഷേപമാണ്
മലയാളിയും സ്വർണത്തിൽ നിക്ഷേപിക്കുവാൻ തുടങ്ങിയിരിക്കുന്നു. മുൻപ് ചെറിയ തുകപോലും മിച്ചം പിടിച്ചാൽ ബാങ്കിൽ ഫിക്സഡ് നിക്ഷേപമാക്കാനായിരുന്നു മലയാളി താത്പര്യം കാട്ടിയിരുന്നത്. എന്നാൽ പ്രമുഖ ബാങ്കുകളിൽ നിക്ഷേപത്തിനുള്ള പലിശ ഏഴു ശതമാനത്തിലും താഴെയാണ് ഇപ്പോൾ. സാമ്പത്തിക ഉത്തേജനത്തിനായി ബാങ്ക് വായ്പകൾക്ക് പലിശ നിരക്ക് കുറയ്ക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. എന്നാൽ ഇത് നിക്ഷേപത്തിനുള്ള പലിശയും കുറയുവാനുള്ള സാഹചര്യമായിരിക്കും ഒരുക്കുന്നത്. സ്വർണവില കുത്തനെ കൂടുന്നത് പുതിയ നിക്ഷേപ സാദ്ധ്യതയാക്കി മാറ്റുകയാണ് ഇപ്പോൾ. ഇത്തരക്കാർ ജുവലറികളിൽ നിന്നും സ്വർണം കോയിനുകളാക്കി വാങ്ങുന്നതിനാണ് താത്പര്യം കാണിക്കുന്നത്. എപ്പോൾ വേണമെങ്കിലും സ്വർണം വിറ്റു പണമാക്കാം എന്നതും ഇത്തരക്കാരെ സ്വർണത്തിൽ നിക്ഷേപിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇടത്തരക്കാരായ കസ്റ്റമേഴ്സിനായി സ്വർണ ചിട്ടികളും ജുവലറികളൊരുക്കുന്നുണ്ട്.

gold-price

കല്യാണ സീസണിലെ ട്രന്റും മാറി

ചിങ്ങമാസം മലയാളിക്ക് കല്യാണമാസമാണ്. കല്യാണത്തിന് രണ്ടോ മൂന്നോ ആഴ്ചയ്ക്കു മുൻപു സ്വർണവും വസ്ത്രവും വാങ്ങുവാൻ വൻ തുക ചെലവാക്കുന്ന പതിവ് രീതിക്ക് മാറ്റം വന്നിരിക്കുകയാണ്. പെൺമക്കളുള്ള വീട്ടുകാർ കുറച്ചു സ്വർണം വീതം എല്ലാ വർഷവും പ്രത്യേകിച്ച് ബോണസും, അഡ്വാൻസായി ശമ്പളം ലഭിക്കുന്ന ഓണക്കാലത്ത് വാങ്ങുന്ന രീതിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. കഴിഞ്ഞ ഓണക്കാലത്ത് ഇരുപത്തിയെട്ട് ടൺ സ്വർണമാണ് കേരളത്തിൽ വിറ്റഴിഞ്ഞത്. ഓണസമയത്ത് ജുവലറികളിലെ ഓഫറുകളിലും ഇവർ ആകൃഷ്ടരാവുന്നുണ്ട്. ഇത്തരത്തിലുള്ള കസ്റ്റമേഴ്സിനെ ചേർത്തു നിർത്തുന്നതിൽ ജുവലറി ഉടമകൾക്കും സന്തോഷമാണുള്ളത്. സ്ഥിരമായി സ്വർണം വാങ്ങാനെത്തുന്ന കസ്റ്റമേഴ്സിന് മെച്ചപ്പെട്ട സേവനം നൽകാൻ പ്രത്യേക ഓഫറുകളും നൽകാറുണ്ട്.

gold-price

പൊന്നിൽ പൊതിഞ്ഞ പെണ്ണും മാറുന്നു

പൊന്നിൻ വില റോക്കറ്റുപോലെ ഉയർന്നതോടെ സ്വർണത്തിൽ വധുവിനെ പൊതിയുന്ന പതിവ് രീതിക്കും മാറ്റം വരുകയാണ്. ഇതിനു പകരമായി എത്ര അളവായാലും ഇത്ര തുകയ്ക്ക് സ്വർണം വിവാഹത്തിനായി എടുക്കുന്ന രീതിയിലേക്ക് മലയാളിയുടെ മനസ്മാറുന്നു എന്ന ട്രന്റാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.