jayasankar-sooraj

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ അറസ്‌റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിനെതിരെ രൂക്ഷവിമർശവുമായി അഡ്വ.ജയശങ്കർ രംഗത്ത്. കമഴ്‌ന്ന് വീണാൽ കാൽക്കോടി എന്നായിരുന്നു സർവീസിലുള്ള കാലത്ത് സൂരജിന്റെ പ്രത്യയശാസ്‌ത്രമെന്നും ഇതുപോലുള്ള ഖലന്മാരെ മുക്കാലിയിൽ കെട്ടി അടിക്കാൻ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ ശാപമെന്നും ജയശങ്കർ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ഒരു ധീരകൃത്യം.

പാലാരിവട്ടത്ത് പഞ്ചവടിപ്പാലം പണിത കേസിൽ മുൻ മരാമത്ത് സെക്രട്ടറി ടിഒ സൂരജിനെയും മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പണിയ്ക്കു മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരെയും വൈകാതെ പിടികൂടുമെന്നാണ് പ്രതീക്ഷ.

കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ്. കമഴ്ന്നു വീണാൽ കാൽക്കോടി എന്നായിരുന്നു സർവീസിലുളള കാലത്ത് ടിയാന്റെ പ്രത്യയശാസ്ത്രം. മരാമത്ത് സെക്രട്ടറി ആയിരുന്നപ്പോൾ ഓരോ കരാറിനും മൂന്ന് ശതമാനം ആയിരുന്നു കമ്മീഷൻ.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് വിജിലൻസ് ഇയാളുടെ വീട് റെയ്ഡ് നടത്തി, വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതിനു കേസും രജിസ്റ്റർ ചെയ്തു. പക്ഷേ പിന്നീട് നടപടി ഉണ്ടായില്ല. സമീപകാലത്ത് ഉദ്യോഗ കാലാവധി പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിച്ചു.

ഇതുപോലുള്ള ഖലന്മാരെ മുക്കാലിയിൽ കെട്ടി അടിക്കാൻ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ നിർഭാഗ്യം'.