kavalappara

കഴിഞ്ഞ രണ്ടുവർഷങ്ങളിലായി രണ്ടു ഭീകരപ്രളയവും അതുമൂലം ഏതാണ്ട് 600 പേർ മരിച്ചതും കുറെ ആവാസമേഖല തന്നെ ഉരുൾപൊട്ടലും, മണ്ണിടിച്ചിലും മൂലം നിർമാർജ്ജിതമായതും മാധവഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ച

സജീവമാക്കിയിരിക്കുകയാണ്. 2011 ആഗസ്റ്റ് 31 നാണ് പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ അവലോകനം ചെയ്തും പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചുമുള്ള റിപ്പോർട്ട് മാധവ ഗാഡ്ഗിൽ സർക്കാരിന് സമർപ്പിച്ചത്. വലിയ കോളിളക്കമാണ് അതിന്റെ ഉള്ളടക്കം ഉയർത്തിവിട്ടത്. റിപ്പോർട്ടിനെ അനുകൂലിച്ച് ഏതാനും വ്യക്തികളും പരിസ്ഥിതി പ്രവർത്തക ഗ്രൂപ്പുകളും മാത്രമാണ് രംഗത്തുണ്ടായിരുന്നത് എന്നതാണ് സത്യം. ഏതോ ഭീകരൻ എന്ന മട്ടിലാണ് മലയോര മേഖലയിലെ കർഷക ജനസാമാന്യത്തിനിടയിൽ ആ റിപ്പോർട്ടിനെക്കുറിച്ച് പ്രചരിപ്പിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയും ആ റിപ്പോർട്ടിന്റെ ഒരു നല്ലവശവും ഉൾക്കൊണ്ടില്ല. ഗുജറാത്തിലെ താപ്തിതടം മുതൽ കന്യാകുമാരിവരെ 1540 കിലോമീറ്റർ പശ്ചിമഘട്ട മേഖലയാണ് റിപ്പോർട്ടിലെ പ്രതിപാദ്യ ഭൂമിയിടം. അതിന്റെ ഗണ്യമായ ഭാഗം കേരള ഭാഗത്താണ് റിപ്പോർട്ട് വലിയൊരു രാഷ്ട്രീയ പ്രശ്നമായി കത്തിപടർന്നത്.

'പശ്ചിമഘട്ടമേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളോട് അനുഭാവപൂർണ്ണമായ സമീപനം ഉണ്ടെങ്കിലും ആ മേഖലയിലെ ജനങ്ങളെയും അവരുടെ ജീവനോപാധിയായ കൃഷിയെയും കാണാതെയുള്ള ഏതൊരു പഠന റിപ്പോർട്ടിനെയും അനുകൂലിക്കാനാവില്ല, പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ഇപ്രകാരമായിരുന്നു. ഈ സമീപനത്തിൽ അസാധാരണ ഐക്യവും യോജിപ്പും രാഷ്ട്രീയമണ്ഡലത്തിൽ ഉണ്ടായി. അങ്ങനൊരു സാഹചര്യത്തിൽ മാധവഗാഡ്ഗിൽ ഒറ്റപ്പെടുകയാണ് ഉണ്ടായത്.
മാത്രവുമല്ല, കസ്തൂരിരംഗൻ, ഉമ്മൻ എന്നീ വിദഗ്ദരുടെ നിയോഗവും അവരാൽ നിർമ്മിതിയായ രണ്ടു റിപ്പോർട്ടുകളും ഉണ്ടായി. അതുരണ്ടും കൊണ്ട് മാധവഗാഡ്ഗിൽ റിപ്പോർട്ടിനെ മൂടിയിടുകയും ചെയ്തു. എന്നാൽ, 2018-ലെയും 2019-ലെയും ആഗസ്തിലെ സംഭവവികാസം ആ മൂടാപ്പിൽ നിന്ന് മാധവഗാഡ്ഗിൽ റിപ്പോർട്ട് അനാവൃതമാകുകയും ആശ്ലേഷിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.
അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖത്തിൽ മാധവഗാഡ്ഗിൽ ചോദിക്കുന്നു. ' ഞാൻ എവിടെയാണ് ജനങ്ങളെ മാറ്റപാർപ്പിക്കാൻ പറഞ്ഞിട്ടുള്ളത്. കർഷകരെ കുടിയിറക്കുമെന്ന് പറഞ്ഞിട്ടുള്ളത്? റിപ്പോർട്ട് എവിടയെങ്കിലും കാണിക്കാമോ? ; അങ്ങനെ എവിടെയെങ്കിലും ഉണ്ടെങ്കിൽ റിട്രീറ്റ് ചെയ്യാൻ (പിൻവാങ്ങാൻ) തയ്യാറാണ്. ഇത് സ്ഥാപിത താൽപ്പര്യക്കാരുടെ നുണ പ്രചരണമാണ്.'ആ വക ആക്ഷേപങ്ങൾക്ക് ഒട്ടും അടിസ്ഥാനമില്ലെന്നാണ് അദ്ദേഹം ആണയിടുന്നത്.
2018 ലേതു പോലൊരു പ്രളയം 94 വർഷം മുമ്പ് മാത്രമായിരുന്നു ഉണ്ടായത്. അതായത് കഴിഞ്ഞവർഷത്തേതുപോലൊന്ന് ഉടനെയെങ്ങും ഉണ്ടാകില്ലെന്ന് സ്വാഭാവികമായും സർക്കാരും ജനങ്ങളും വിശ്വസിച്ചിരിക്കണം. പക്ഷേ, ഈ വർഷവും അതുണ്ടായി. കോഴിക്കോട് ആഗസ്റ്റ് എട്ടിന് രാവിലെ എട്ടരമുതൽ 24 മണിക്കൂർ പെയ്തത് 156.3 എം എം മഴയായിരുന്നു. 2018-ലെ പ്രളയത്തിനു സമാനമായ മഴ. വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു സീസൺ ലഭിച്ചുവന്നത്ര മഴ പെയ്തു എന്നു തന്നെ പറയാം. കാലം മാറിയിരിക്കുന്നു; ഭീകരപ്രവർത്തനം പോലെ മഴ; അതിതീവ്രതയിൽ മഴ എന്ന് ഔദ്യോഗിക നാമകരണം.
ഇത് വലിയ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. 1924 ജൂലായ് പകുതിയിലുണ്ടായ അത്ര തീവ്രമഴ 94 വർഷത്തിനു ശേഷം 2018 ആഗസ്റ്റിലാണ് ആവർത്തിച്ചത്. പിറ്റേവർഷം അതെ സമയം തന്നെ ഭീകരമഴ ഉണ്ടായി. കാലാവസ്ഥ വ്യതിയാനത്തിന്റെ ബീഭത്സതയാണ് നാം അനുഭവിക്കുന്നത്.
ഈ വിനാശ പ്രതിഭാസത്തിന്റെ കാരണം പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിൽ അല്ല. എന്നാൽ, പ്രാദേശികമായി ചിലതെല്ലാം നമുക്ക് ചെയ്യാനും കഴിയും. പലതുള്ളി പെരുവെള്ളം എന്ന പോലെ. ഏതായാലും, ആഗോളതാപനില ഭയാനകമായി മാറികൊണ്ടിരിക്കുന്നു. എന്ന വലിയപ്രശ്നം നിലനിൽക്കുന്നുണ്ട്. പറഞ്ഞുവന്നത്, നാം നേരിടുന്ന പ്രളയഭീഷണി ഒഴിഞ്ഞുപോകുന്നില്ല; അകലത്തിലുമാകാൻ തരമില്ല എന്നു തന്നെയാണ്.
ഈ സാഹചര്യം മുൻകരുതലിന്റെ അനിവാര്യതയാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. പരിസ്ഥിതി സംരക്ഷണകാര്യത്തിൽ അഭൂതപൂർവ്വ കാര്യക്ഷമത കൈവരിക്കേണ്ടിയിരിക്കുന്നു. അതിനു പരിസ്ഥിതി വിഷയം കൈകാര്യം ചെയ്യുന്നതിൽ നാളിതുവരെയുള്ള സമീപനം മാറ്റേണ്ടിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തോടുള്ള ഉദാസീനതയൊ, ശത്രുഭാവമൊതീർത്തും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
ഈ ദിശയിലേക്കുള്ള മാറ്റത്തിന് യുക്തിഭദ്രമായ അവലംബം മാധവഗാഡ്ഗിൽ നിഗമനങ്ങളാണെന്ന തിരിച്ചറിവിലേക്ക് എത്താൻ മനസുമാറ്റണം.
കവളപ്പാറയിൽ ഉരുൾപൊട്ടലായിരുന്നില്ല. ഒരു മലഞ്ചെരുവ് ഒന്നാകെ ഇടഞ്ഞ് ഒരു കൊച്ചു ഗ്രാമത്തെ ഇരുപത്-മുപ്പത് അടി ഉയരത്തിൽ മണ്ണ് കൊണ്ടുമൂടുകയായിരുന്നു. 59 പേരെ ജീവനോട് കഴിച്ചുമൂടുകയായിരുന്നു. ഇത്തരമൊരു പ്രകൃതിക്ഷോഭ പ്രതിഭാസം കേരളത്തിൽ വൃദ്ധതലമുറയുടെ പോലും ഓർമ്മയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പുത്തുമലയും ഈ സമാനതയിലായിരുന്നു.
2018- ലെ പ്രളയ കാലത്ത് മലയോരത്ത് ആയിരത്തി അഞ്ഞൂറിൽ പരം ഉരുൾപൊട്ടൽ ഉണ്ടായി എന്നാണ് ഔദ്യോഗികപഠന നിഗമനം. പാറമലകൾ ഇത്രവ്യാപകവും ഭീകരമായും പൊട്ടിത്തെറിച്ച കാലം ഉണ്ടായിട്ടില്ല. ചുരുക്കത്തിൽ, കാലാവസ്ഥ വ്യതിയാനത്തിലും തന്മൂലമുണ്ടാകുന്ന തീവ്രമഴയിലും പിടിച്ചു നിൽക്കാനുള്ള ത്രാണി നമ്മുടെ സഹ്യാദ്രി മേഖലക്ക് ഇല്ലാതായിരിക്കുന്നു. ഈ മേഖല അത്ര ദുർബലമായിരിക്കുന്നു.
നമ്മുടെ പശ്ചിമഘട്ട പ്രദേശങ്ങളിൽ ഏതാണ്ട് 4500 പാറമടകൾ പ്രവർത്തിക്കുന്നു എന്നാണ് കണക്ക്. ഒരുകാലത്ത് ഖനനം യന്ത്രയേതര രീതിയിലായിരുന്നു. ഖനനം യന്ത്രവൽകൃതമായതോടെ, പ്രത്യാഘാതവും ഗുരുതരമാകുകയാണ്.
പഞ്ചായത്ത് സംവിധാനത്തിന് പ്രകൃതിവിഭവം കൈകാര്യം ചെയ്യുന്നതിൽ ഇന്നുള്ളതിനെക്കാൾ വലിയ അധികാരം വ്യവസ്ഥ ചെയ്യണം. അങ്ങനെ വന്നാൽ, അനതവും ഭീകരവുമായ പ്രകൃതി ചൂഷണത്തിന് കടിഞ്ഞാൺ ഇടാൻ കഴിയും. എവിടെ ഖനനം ആകാം എന്ന് അതത് പ്രദേശത്തെ ജനങ്ങൾ തീരുമാനിക്കട്ടെ, എവിടെ സ്വാഭാവിക വനം ഇല്ലാതാക്കി തോട്ടങ്ങൾ ആകാം എന്ന് ഗ്രാമസഭകൾ തീരൂമാനിക്കട്ടെ, കാടുവെട്ടി റിസോർട്ടുകളും റോഡുകളും ഉണ്ടാക്കുന്നത് തടയാൻ ആ സ്ഥാപനങ്ങൾക്ക് അധികാരം നൽകണം. പ്ലാച്ചിമടയിലെ പഞ്ചായത്ത് ഇടപെടലും നിയമപോരാട്ടവും മാതൃകപരമാണ്. ഈ സമീപനമാണ് മാധവഗാഡ്ഗിൽ റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്.
ആ റിപ്പോർട്ടിനെക്കുറിച്ച് രാഷ്ട്രീയപാർട്ടികളുടെ നിലപാടിൽ പുനർചിന്തനം അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. 'പരിസ്ഥിതി മറന്നുള്ള വികസന പ്രവർത്തനം വേണ്ട' എന്ന മൂർത്തമായ നിലപാടിലേക്ക് സി .പി.എം എത്തിക്കഴിഞ്ഞിരിക്കുന്നു. മാധവഗാഡ്ഗിൽ റിപ്പോർട്ട് സംബന്ധിച്ച പുനർചിന്തക്ക് പാർട്ടി സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. കെ .പി. സി. സി അധ്യക്ഷന്റെ സമാനമായ അഭിപ്രായപ്രകടനം ശ്രദ്ധേയമായിട്ടുണ്ട്. ഈ മാറ്റം ശക്തിപ്പെടുന്നു. അതെ സമയം ചിലയിടങ്ങളിൽ ഈ മാറ്റത്തിനു വിരുദ്ധമായ ഒച്ചവെയ്ക്കൽ ഉയരുന്നുമുണ്ട്. ഇടുക്കി എം. പി പ്രകടിപ്പിച്ച വെപ്രാളം ഒരു ജനവിഭാഗത്തിനെ തെറ്റിദ്ധാരണയുടെ ഇരുട്ടിൽ നിലനിർത്തി പിന്തുണ ഉറപ്പിക്കാനുള്ള കേവല വോട്ടുരാഷ്ട്രീയമാണ്. ഈ വർഷം കവളപ്പാറയിലെ 59 വോട്ടുകൾ ഇല്ലാതായല്ലോ... എന്നാണോ ഇടുക്കി എം.പിയുടെ ഭാഷയിൽ നമ്മൾ ചിന്തിക്കുക.അത് വെറും വോട്ടുകളല്ല വിലപ്പെട്ട മനുഷ്യജീവനുകളാണെന്ന് എന്നും നാം ഓർക്കണം. പ്രകൃതിയെ കൂടാതെ മനുഷ്യനു ജീവിതമില്ലെന്ന് പഠിപ്പിക്കണം. പ്രകൃതിയെ ആക്രമിച്ചുണ്ടാക്കുന്ന ലാഭവും സമ്പത്തും കൊള്ളമുതലാണെന്ന സംസ്‌ക്കാരം ഈ നാടിന്റേതാകണം. അതൊരു രാഷ്ട്രീയ അജണ്ടയാകണം. സഹ്യാദ്രിയുടെ രക്ഷാകവചമാണ് മാധവഗാഡ്ഗിൽ റിപ്പോർട്ട് എന്ന തിരിച്ചറിവിൽ ആ സംസ്‌ക്കാരം നമ്മെ കൊണ്ടുചെന്നെത്തിക്കും.