mother-and-son

പ്രതിസന്ധി ഉണ്ടാകുമ്പോൾ ആര് കൂടെ നിന്നില്ലെങ്കിലും താങ്ങിനിർത്താൻ അമ്മയുണ്ടാകുമെന്ന ആത്മവിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. മരണ വേദന അനുഭവിച്ചാണ് ഓരോ അമ്മയും തന്റെ കുഞ്ഞിന് ജന്മം നൽകുന്നത്. പുറത്ത് പോയി വരുമ്പോൾ അമ്മേ എന്ന് വിളിച്ച് കൊണ്ടാണ് നമ്മൾ വീട്ടിലേക്ക് കയറുക.

ആ അമ്മയ്ക്ക് പെട്ടെന്ന് വല്ല അസുഖവും വന്നാലോ? കുഞ്ഞ് പനി വന്നാൽ പോലും നമുക്ക് സഹിക്കാൻ പറ്റില്ല. ബ്രെയിൻ ടൂമർ വന്ന ഒരു അമ്മയുടെ മകനോട് സംസാരിച്ചപ്പോഴുള്ള അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് സൈക്കോളജിസ്റ്റും കൗൺസിലറുമായ കല മോഹൻ. തന്റെ അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്താതെ ദൈവത്തിന് വിളിച്ചൂടെയെന്ന് കണ്ണീരോടെ ആ മകൻ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എവിടെയോ വായിച്ചിട്ടുണ്ട്
വലിച്ചെടുക്കുന്ന ശ്വാസം തിരിച്ചു വരാൻ മടിച്ചാൽ അസ്തമിക്കുന്ന അഹങ്കാരത്തെയും അഹന്തയെയും പറ്റി..
അതു ഓർമ്മയിൽ ഓടി എത്തും ചില അനുഭവങ്ങൾ നേരിടുമ്പോൾ..

""എനിക്ക് ഭയം തോന്നും. ഓരോ സ്വരം കേൾക്കുമ്പോഴും..
രാത്രിയുടെ
ഓരോ നിശബ്ദതയും വല്ലാതെ ഭയപ്പെടുത്തും..
ഞാൻ ഇറങ്ങി അമ്മയുടെ മുറിയുടെ അടുത്ത് ചെല്ലും..കൂട്ടുകിടക്കുന്ന കുഞ്ഞമ്മ ഉറങ്ങി കഴിഞ്ഞും മച്ചിന് മുകളിൽ നോക്കി കിടക്കുന്ന എന്റെ അമ്മ..
എന്തോ ഒരു ശബ്ദമേ ഇപ്പൊ അമ്മയ്ക്ക് ഉള്ളു..
തൊണ്ടയിൽ കഫം കെട്ടി കിടക്കുന്നുണ്ട്.
ബ്രെയിൻ ട്യൂമർ മുഴുവൻ വ്യാപിച്ചു കഴിഞ്ഞു.
ഉള്ളിൽ നല്ല ഓർമ്മയുണ്ട്..
ഞാൻ അടുത്ത് ചെല്ലുമ്പോൾ കണ്ണ് നിറയും..

കേട്ടിരിക്കവേ എനിക്ക് അവനെ കെട്ടിപിടിച്ചു കരയണമെന്നു തോന്നി..
കൗൺസിലർ, പാലിക്കേണ്ട ചില കാര്യങ്ങളിൽ ഒന്ന് ക്ലയന്റ് നോട് ഒരുപാട് അടുപ്പം പാടില്ല, അവരുടെ സങ്കടങ്ങൾ തന്റേതാക്കി മാറ്റരുത് എന്നാണെന്നു അറിയാഞ്ഞിട്ടല്ല..

കണ്ണീർ മുഖത്തോടെ അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു..
ഞാനും അമ്മയും തമ്മിൽ നിരന്തരം വഴക്കായിരുന്നു..
അച്ഛൻ വിദേശത്ത് ആയിരുന്നു എന്നത് കൊണ്ട് അമ്മ കുറെ ഏറെ കാർക്കശ്യം ആയിരുന്നു രീതിയിൽ..
അനിയത്തി കുഞ്ഞായത് കൊണ്ട് അവൾ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..
ഞാനും അമ്മയും നിരന്തരം അടി ആയിരുന്നു ടീച്ചർ..
പക്ഷെ, എനിക്കു എന്റെ അമ്മയെ ജീവനാ..
അമ്മ ഇങ്ങനെ കഷ്‌ടപ്പെടുന്നത് കാണാൻ വയ്യ..
ഓടി നടന്നു ഈ വീട് പണി ചെയ്യിപ്പിച്ചത് അമ്മയാണ്..
അച്ഛൻ വീട്ടുകാരെയും അമ്മ വീട്ടുകാരെയും ഒരുപാട് സഹായിക്കുമായിരുന്നു..
ആരെന്തു ചോദിച്ചാലും, അമ്മ കൊടുക്കും.
നല്ല അസ്സലായി പാടും, dance ചെയ്യും .
സൗന്ദര്യം കണ്ടു എന്റെ അമ്മയെ വിവാഹം കഴിച്ചതാ അച്ഛൻ..
ഒരു തിന്മയും ഇല്ലാത്ത ന്റെ അമ്മ...
എന്നിട്ടും എന്തേ ടീച്ചർ എന്റെ അമ്മയ്ക്ക് ഈശ്വരൻ ഇങ്ങനെ വരുത്തി?

രോഷവും സങ്കടവും ഉരുകിയിറങ്ങി നീര്തുള്ളികളായി അവന്റെ ചെന്നിയിലൂടെ ഊർന്നു വീണു..

ഒരിക്കൽ അവൻ അമ്മയുടെ ഫോട്ടോ കാണിച്ചു..
ഈശ്വരാ ! എന്തിനാണ് ഒരിയ്ക്കൽ ഇവളെ ഇത്രയും സുന്ദരി ആക്കിയത്, പിന്നെ തിരിച്ചെടുക്കാനോ?

കൗൺസിലർ ആയ ഞാനും അതന്നെ ചോദിച്ചു ദൈവത്തോട്.

എന്റെ അമ്മയെ,
എന്റെ പൊന്നിനെ ഒക്കെ ഓർത്തു..
എന്റെ ചിന്താ രീതിയിൽ എന്നും അമ്മ അതൃപ്‌ത ആയിരുന്നു..
തിരഞ്ഞെടുപ്പിൽ എന്നും എന്നോട് അമർഷവും അതിന്റെ പേരിൽ ഈ നിമിഷങ്ങൾ വരെ വഴക്കും തുടരുന്നു..
ഒറ്റയ്ക്കു ജീവിതം തുടങ്ങിയതിൽ പിന്നെ ഇടയ്ക്ക് വന്ന പനി..
അതൊന്നും അറിയാതെ, തലേന്ന് വിളിക്കുമ്പോൾ ഒരുപാട് വഴക്കുകൾക്ക് ഇടയിൽ, വെള്ളമെടുത്തു അടുത്ത് വെച്ചേക്കണം എന്ന് പറഞ്ഞു ഫോൺ വെച്ചു.. പനി പിടിച്ചു കിടക്കുമ്പോൾ ഞാൻ അതാണ് ആദ്യം ചെയ്തതും..
ഉള്ളിൽ എന്തോ നീറിപിടയും..
ഈ ഭൂമിയിൽ ഞാൻ ജീവനോടെ ഉണ്ടോ എന്ന് ദൂരെ ഇരുന്നു ചിന്തിക്കാൻ ഒരാളെ ഉള്ളു എന്ന് അറിയാഞ്ഞിട്ടല്ല...

പൊന്ന് എന്നെ ഏതു ഘട്ടത്തിൽ നാളെ സങ്കടപെടുത്തിയാലും,
അവളെ കൈവിടാതെ പിടിക്കുന്ന ഒരേ ഒരാൾ ഞാൻ ആകുമെന്ന് അവൾക്കും അറിയാം..
ഞാൻ മരണപ്പെട്ടാൽ
ആചാരപ്രകാരം എന്നെ ദഹിപ്പിക്കാൻ മകനില്ല..
എനിക്ക് ഊഹിക്കാം, അവൾ തളർന്നു വീഴും അങ്ങനെ ഒന്ന് അവൾക്കു ചെയ്യേണ്ടി വന്നാൽ..
അതോർത്തു മരിക്കാൻ എനിക്ക് ഭയം തോന്നും..
അവളുടെ ആ അവസ്ഥകൾ എനിക്ക് തികച്ചും അസഹനീയം ആണ്..
അതേപോലെ തന്നെ
ശ്വാസം മുട്ടത്തക്കവണ്ണം ഈ മകന്റെ ദുഖവും!!
സാരമില്ല, പോട്ടെ, പിടിച്ചു നിൽക്കണം..
എന്ന വാക്കുകൾ എനിക്ക് വഴങ്ങാറില്ല പലപ്പോഴും..

ഉറങ്ങാൻ കിടന്നതാണ് ഞാൻ..
Phone ബെൽ ശബ്ദം കേട്ട് എടുത്തപ്പോൾ,
അവന്റെ നമ്പർ ആണ്..

ടീച്ചർ, എന്റെ അമ്മയെ ഇങ്ങനെ കഷ്‌ടപ്പെടുത്താതെ ദൈവത്തിനു വിളിച്ചൂടെ.... കണ്ടു നിൽക്കാൻ വയ്യ...

ആ കുഞ്ഞിന്റെ നെഞ്ചിൽ പിടഞ്ഞടിയുന്ന തേങ്ങലുകൾ എനിക്ക് കേൾക്കാം..
മരവിപ്പ് ഒച്ചിനെ പോൽ സിരാമണ്ഡലത്തിൽ പടർന്നു കേറുക ആണ്..
ഞാൻ എന്താ പറയേണ്ടത്?
വാക്കുകൾ മനസ്സിലാകില്ല അവന്...
അർത്ഥമില്ലാത്ത ഭാഷയിൽ സംസാരിക്കാൻ എനിക്ക് വശവുമില്ല..
ഒരുപാട് നേരത്തെ നിശബ്ദതയ്ക്കു ശേഷം,ഞങ്ങളിൽ ആരോ എന്തോ പറഞ്ഞു, phone വെച്ചു..
ഈശ്വരാ.. .ഈ ദുഃഖം നിരീക്ഷപെടുന്നില്ലേ?
നന്മ തിന്മകൾ,
ശരി തെറ്റുകൾ,
ലാഭ നഷ്‌ടങ്ങൾ
ഒക്കെ എന്ത്‌ പ്രഹസനം ആണെന്ന് തോന്നുന്ന ചുരുക്കം ചില ഘട്ടങ്ങൾ ഇതൊക്കെ ആണ്..
മനുഷ്യന്റെ പരിമിതികളും പ്രതിസന്ധിയും സാക്ഷ്യപ്പെടുത്തുന്ന അനുഭവങ്ങൾ...