ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ"ധോണിക്കാലം" അവസാനിക്കുന്നോ? ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് ആരാധകർ ഉയർത്തിയ ചോദ്യമായിരുന്നു ഇത്. ധോണിയില്ലാതെയാണ് മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദ് ടി20 ടീമിനെ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യൻ ടീം ട്വന്റി20 പരമ്പര കളിച്ച ടീമിൽ ഒരേയൊരു മാറ്റം വരുത്തിയാണ് സെലക്ടർമാർ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.
ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ചപ്പോൾ ഹാർദിക് പാണ്ഡ്യ പരിക്കിൽനിന്നു മുക്തനായി തിരിച്ചെത്തി. ധോണിയുടെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന റിഷഭ് പന്താണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പർ. എന്നാൽ, ധോണി ടീമിൽ ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സെലക്ടർമാർ. 2020ൽ ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് ലക്ഷ്യമാക്കി ഒരു ടീമുണ്ടാക്കാൻ ധോണി തങ്ങൾക്ക് അവസരം നൽകുകയായിരുന്നെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർ പറയുന്നത്.
സുരക്ഷിതമായ കൈകളിലാണ് ടീമിന്റെ ഭാവിയെന്നു ഉറപ്പിച്ചു കഴിഞ്ഞ ശേഷം മാത്രമേ താൻ വിരമിക്കൽ പ്രഖ്യാപിക്കുകയുള്ളൂവെന്നും ധോണി ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീം ഇന്ത്യയുടെ ഭാവി ശക്തമാകേണ്ടതുണ്ടെന്നും വിക്കറ്റ് കീപ്പിംഗിൽ ബെഞ്ചിലും ശക്തരായ താരങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും സെലക്ടർമാർ പറഞ്ഞു. ലോകകപ്പ് മുന്നിൽ കണ്ട് ടീമിനു തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടി സമയം നൽകുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
ടീമിനാണ് ധോണി പ്രഥമ പരിഗണന നൽകുന്നത്. പുറത്തുള്ളവർ എന്തു തന്നെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയാലും അദ്ദേഹം ഇവ ശ്രദ്ധിക്കാറില്ലെന്നും സെലക്ടർ വിശദമാക്കി. നിശ്ചിത ഓവർ ക്രിക്കറ്റിൽ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനു പരിക്കേറ്റാൽ പകരം ആരെ കളിപ്പിക്കുമെന്നു പോലും ഇന്ത്യക്കു ഉത്തരം ലഭിച്ചിട്ടില്ലെന്നു മുഖ്യ സെലക്ടർ പറഞ്ഞു. അതുകൊണ്ടാണ് തൽക്കാലം വിരമിക്കൽ നീട്ടിവയ്‌ക്കാൻ തയ്യാറാണെന്നു ധോണി സമ്മതിച്ചത്.
ഇന്ത്യൻ ടീം
വിരാട് കൊഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഖലീൽ അഹമ്മദ്, രാഹുൽ ചഹർ, ദീപക് ചഹർ, നവ്ദീപ് സെയ്നി